വീണ്ടും ഐ എസ് ആര്‍ ഒ; കാര്‍ട്ടോസാറ്റ് 2ഇ ഭ്രമണപഥത്തില്‍

Posted on: June 23, 2017 11:25 pm | Last updated: June 23, 2017 at 11:25 pm

ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 ഇ ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പി എസ് എല്‍ വി- സി 38 കുതിച്ചുയര്‍ന്നു. ഇന്നലെ രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹങ്ങളുമായി പി എസ് എല്‍ വി കുതിച്ചുയര്‍ന്നത്. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് വിവരങ്ങള്‍ നല്‍കിയ കാര്‍ട്ടോസാറ്റ് ഉപഗ്രഹ ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഐ എസ് ആര്‍ ഒ വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ് രണ്ട് ഉപഗ്രഹത്തിന് 712 കിലോഗ്രാമാണ് ഭാരം. മറ്റ് മുപ്പത് ഉപഗ്രഹങ്ങള്‍ക്കുമായി 243 കിലോഗ്രാം തൂക്കമുണ്ട്. 23.18 മിനുട്ട് കൊണ്ട് ദൗത്യം പൂര്‍ത്തിയായി.

വിക്ഷേപിച്ച 29 ഉപഗ്രഹങ്ങള്‍ ഓസ്ട്രിയ, ബെല്‍ജിയം, ചിലി, ചെക്ക് റിപ്പബ്ലിക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ലാത്വിയ, ലിത്വാനിയ, സ്ലോവാക്യ, യു കെ, യു എസ് എന്നീ 14 രാജ്യങ്ങളുടേതാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നൂറുല്‍ ഇസ്‌ലാം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ നിര്‍മിച്ച നിയുസാറ്റ് എന്ന 15 കിലോഗ്രാം ഭാരമുള്ളതാണ് ഇന്ത്യയുടെ നാനോ ഉപഗ്രഹം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള അറുപതാം ദൗത്യമാണിത്. വിദേശ ഉപഗ്രഹങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയുടെ വാണിജ്യ വിക്ഷേപണം കൂടിയാണിത്. പതിനൊന്ന് തവണ പ്രോജക്ട് ഡയറക്ടറായിരുന്ന തിരുവനന്തപുരം നേമം സ്വദേശി ബി ജയകുമാറിന് ഇത് അവസാന പി എസ് എല്‍ വി ദൗത്യമാണ്. പി എസ് എല്‍ വിയില്‍ നിന്ന് ജി എസ് എല്‍ വി മാര്‍ക്ക് മൂന്നിലേക്ക് മാറുന്ന അദ്ദേഹത്തിന്റെ ആദ്യ മാര്‍ക്ക് ത്രീ ദൗത്യം അടുത്ത ഫെബ്രുവരിയിലാകും. 13 തവണ പി എസ് എല്‍ വിയുടെ വെഹിക്കിള്‍ ഡയറക്ടറായിരുന്നു. ചൊവ്വാ ദൗത്യത്തിലുള്‍പ്പെടെ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ ആര്‍ ഹട്ടന്‍ ആണ് വെഹിക്കിള്‍ ഡയറക്ടര്‍.
3,500 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 20 ഭ്രമണപഥത്തിലെത്തിക്കുകയാണ് ജി എസ് എല്‍ വി മാര്‍ക്ക് മൂന്നിന്റെ ഫെബ്രുവരിയിലെ ദൗത്യം. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഉയര്‍ന്ന റെസല്യൂഷനുള്ള ചിത്രങ്ങള്‍ അയക്കാന്‍ നിലവിലെ ഉപഗ്രഹങ്ങള്‍ക്ക് കഴിയില്ലെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. എ എസ് കിരണ്‍ കുമാര്‍ പറഞ്ഞു.