കാലിക്കറ്റിന് കീഴിലുള്ള പതിനൊന്ന് ബി എഡ് കോഴ്‌സുകള്‍ക്ക് എന്‍ സി ടി ഇയുടെ അംഗീകാരമില്ല

Posted on: June 23, 2017 10:55 am | Last updated: June 23, 2017 at 10:37 am

മാനന്തവാടി: കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന പതിനൊന്ന് സ്വാശ്രയ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എന്‍ സി ടി ഇയുടെ (നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍) അംഗീകാരമില്ലന്ന് കാണിക്കുന്ന വിവരവകാശ രേഖ.
ഇന്ത്യന്‍ പാര്‍ലിമെന്റ് 1993 ലെ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂക്കേഷന്‍ ആക്ട് അനുസരിച്ച് രൂപപ്പെട്ട ഈ ഏജന്‍സിയുടെ അംഗീകാരമില്ലാതെ ഇന്ത്യയില്‍ ഒരു അധ്യാപകവിദ്യാഭ്യാസ കോഴ്‌സുകളും നടത്താന്‍ പാടില്ലെന്നിരിക്കെ പാര്‍ലിമെന്റിനെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് കാലിക്കറ്റ് സര്‍വ്വകലാശാല ബി എഡ് കോഴ്‌സുകള്‍ അനധികൃതമായി നടത്തുന്നത്. ഇന്ത്യയിലെവിടെയും മറ്റൊരു സര്‍വകലാശാല എന്‍ സി ടി ഇയുടെ അംഗീകാരമില്ലാതെ അധ്യാപക വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്. വിവരാവകാശ പ്രവര്‍ത്തകനായ തിലകന് ലഭ്യമായ വിവരമനുസരിച്ച് കോഴിക്കോട് സര്‍വകലാശാലയുടെ 11 കേന്ദ്രങ്ങള്‍ക്ക് അംഗീകാരമില്ല. തൃശൂര്‍, കണിയാമ്പറ്റ, മലപ്പുറം, മഞ്ചേരി, കൊടുവായൂര്‍, വലപ്പാട്, നാട്ടിക മുതലായ കേന്ദ്രങ്ങള്‍ക്ക് 2015 മുതലും ചക്കിട്ടപ്പാറ, വടകര, കോഴിക്കോട് മുതലായ കേന്ദ്രങ്ങള്‍ക്ക് 2009 മുതല്‍ക്കും എന്‍ സി ടി അംഗീകാരമില്ല.

ഈ 11 കേന്ദ്രങ്ങളും മറ്റ് സ്വാശ്രയ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളും നോക്കി നടത്തുന്നതിനായി സര്‍വകലാശാലയില്‍ ഒരു ഡയറക്ടറേറ്റ് രൂപവത്കരിക്കുകയും അതിന്റെ ചുമതല സര്‍വകലാശാലയുടെ തന്നെ വടകരയിലുള്ള സ്വാശ്രയ അധ്യാപകവിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രൊഫസര്‍ പദവിയും പ്രിന്‍സിപ്പാള്‍ പദവിയും ചേര്‍ന്ന് വഹിക്കുന്ന വ്യക്തിക്ക് നല്‍കുകയായിരുന്നു. പതിനൊന്ന് സ്വാശ്രയ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗീകാരം വാങ്ങി നല്‍കേണ്ട ചുമതല ഇദ്ദേഹത്തിന് നല്‍കുകയും ചെയിതു. എന്നാല്‍, ഇദ്ദേഹം സര്‍വകലാശാലയെ കബളിപ്പിച്ചുകൊണ്ട് നിരവധി തവണ എന്‍ സി ടി ഇയുടെ ഡല്‍ഹി, ബെംഗളൂരു ആസ്ഥാനങ്ങളിലേക്ക് വിമാനയാത്ര നടത്തി സര്‍വകലാശാലയുടെ പണം ധൂര്‍ത്തടിച്ചതല്ലാതെ സ്ഥാപനങ്ങളുടെ അംഗീകാരത്തിനായോ ഉന്നമനത്തിനായോ ഒന്നും തന്നെ ചെയ്തിട്ടിലന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സര്‍വകലാശാല നടത്തുന്ന 11 കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന അധ്യാപകരില്‍ പലര്‍ക്കും എന്‍ സി ടി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളില്ലാത്തതും പല കേന്ദ്രങ്ങള്‍ക്കും സ്വന്തായി സ്ഥലമില്ലാത്തതും മറ്റ് അധ്യാപനത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാത്തതും എന്‍ സി ടിയുടെ അംഗീകാരം നേടുന്നതിന്ന് തടസ്സമായത്. എന്‍ സി ടിയുടെ താത്കാലിക അംഗീകാരം ഉണ്ടെന്ന് സര്‍വകലാശാലാ വി സി രജിസ്ട്രാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരെയും പൊതുജനത്തേയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നിലവിലെ ഡയറക്ടര്‍ 2017ലെ ബി എഡ്‌കോഴ്‌സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എന്‍ സി ടി ഒരു കോഴ്‌സുകള്‍ക്കും താത്കാലിക അംഗീകാരം നല്‍കാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഇതിനകം തന്നെ ഈ 11 കേന്ദ്രങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ബിരുദം നേടിക്കഴിഞ്ഞു. എന്നാല്‍ ഈ ബിരുദങ്ങള്‍ക്കൊന്നും തന്നെ അംഗീകാരമില്ല എന്നത് ഏറെ ആശങ്കാജനകമാണ്. ഇതോടെയാണ് ഈ സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തികരിച്ച വിദ്യാര്‍ഥികളാണ് ആശങ്കയിലായിരിക്കുന്നത്. ഇത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.