ജനകീയ മെട്രോ യാത്ര: ഖേദപ്രകടവുമായി ചെന്നിത്തല

Posted on: June 22, 2017 10:24 am | Last updated: June 22, 2017 at 1:42 pm

തിരുവനന്തപുരം: യുഡിഎഫ് നടത്തിയ ജനകീയ മെട്രോ യാത്ര ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ, ബുദ്ധിമുട്ടോ ഉണ്ടാകുമെന്ന് കരുതിയില്ല, പ്രവര്‍ത്തകരുടെ വികാരമാണ് അവിടെ കണ്ടത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു- ചെന്നിത്തല പറഞ്ഞു.

യാത്ര വിവാദമായ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നിയമങ്ങള്‍ ലംഘിച്ച് മെട്രോ ട്രെയിനില്‍ യാത്ര ചെയ്ത യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടപടിവേണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍, പിസി വിഷ്ണുനാഥ്, കെസി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, ബെന്നി ബെഹ്‌നാന്‍, കെ ബാബു, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കളാണ് ജനകീയ യാത്രയില്‍ പങ്കെടുത്തത്.

മെട്രോയുടെ ഉദ്ഘാടനചടങ്ങില്‍ ഉമ്മന്‍ ചാണ്ടിക്ക് ക്ഷ്ണമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ കന്നിയാത്ര നടത്തിയപ്പോഴും ഉമ്മന്‍ ചാണ്ടിയെയും മറ്റ് ജനപ്രതിനിധികളേയും ക്ഷണിക്കാതിരുന്നതും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മറ്റി യു ഡി എഫ് നേതാക്കളെ ഉള്‍പ്പെടുത്തി ജനകീയയാത്ര സംഘടിപ്പിച്ചത്.