Connect with us

Kerala

വില്ലേജ് ഓഫീസിലെ കര്‍ഷക ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിരീഷിനെ സസ്‌പെന്‍ഡ് ചെയ്തു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് തന്നെ നടപടിയെടുക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചിരുന്നു. മരിച്ച കര്‍ഷകന്റെ ഭൂമിയുടെ നികുതിയും ഇന്ന് തന്നെ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് പ്രഥമിക നിഗമനം. ചക്കിട്ടപാറയിലും കൂരാച്ചുണ്ടിലും നികുതി സ്വീകരിക്കാത്ത വിഷയത്തില്‍ താന്‍ തന്നെ സ്ഥലത്തെത്തി അതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നതായും കലക്ടര്‍ പറഞ്ഞു.
കര്‍ഷകന്റെ മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരാണ് സംഭവത്തിന് ഉത്തരവാദികളെന്ന് മരിച്ച ജോയിയുടെ സഹോദരന്‍ ജോണി ആരോപിച്ചു. സംഭവത്തില്‍പ്രതിഷേധിച്ച് ചക്കിട്ടപാറയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തുകയാണ്.
പുരയിടത്തില്‍ ജോയി എന്ന തോമസിനെയാണ് ഇന്നലെ രാത്രി ഒമ്പതരയോടെ വില്ലേജ് ഓഫീസിന്റെ ഗ്രില്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനിന്നിരുന്നു. ഇതിന്റെ പേരില്‍ ഒരു വര്‍ഷം മുമ്പ് ജോയിയും ഭാര്യയും ചെമ്പനോട വില്ലേജ് ഓഫീസിനു മുമ്പില്‍ നിരാഹാര സമരം നടത്തിയിരുന്നു.

രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇടപെട്ടതിനെ തുടര്‍ന്ന് താത്കാലികമായി നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറായി. പ്രശ്‌നം പൂര്‍ണമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജോയിയും കുടുംബവും പിന്നീട് വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും വില്ലേജ് അധികൃതര്‍ പാടെ അവഗണിക്കുകയായിരുന്നുവത്രെ. ഇതിലുള്ള മനോവിഷമം ഇയാള്‍ നേരത്തെ പലരോടും പ്രകടിപ്പിച്ചിരുന്നതായും പറയുന്നു.