Kerala
സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ആദരവ് നഷ്ടപ്പെട്ടത്: ഖലീല്‍ തങ്ങള്‍

മലപ്പുറം: സ്വന്തത്തോടും കൂടെയുള്ളവരുടെ ജീവനോടും ആദരവില്ലാത്തതാണ് സമൂഹം നേരിടുന്നു മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. ആത്മഹത്യ മുതല്‍ അന്യരുടെ ഇടയില്‍ പോയി പൊട്ടിച്ചിതറുന്ന ഭീകരവാദംവരെ ഈ ചിന്താഗതിയില്‍ നിന്നാണ് ഉടലെടുക്കുന്നത്. ജീവന്‍ ഏറ്റവും വിശിഷ്ഠമാണെന്ന് പഠിപ്പിച്ച ഇസ്‌ലാമിക ദര്‍ശനത്തിന്റെ സന്ദേശവും മുന്നറിയിപ്പും ഉള്‍ക്കൊള്ളുന്നതിലൂടെയെ ഈ അപകടകരമായ മാനസികാവസ്ഥ ഇല്ലായ്മ ചെയ്യാനാവൂവെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മത ദര്‍ശനങ്ങളും രാജ്യത്തിന്റെ ഭരണ സംവിധാനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന മാനവികമായ നിയമങ്ങള്‍ അനുസരിക്കല്‍ വിശ്വാസിക്ക് നിര്‍ബന്ധമാണ്. വ്യക്തികളുടെയും സമൂഹത്തിന്റെയും നിലനില്‍പ്പ് അപകടത്തിലാക്കുന്ന ഒന്നിനോടും രാജിയായിക്കൂടാ. ചെറുപ്പക്കാര്‍ ഈ വിഷയത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണം. കാരണം, രാഷ്ട്രിയവും വിഭാഗീയവുമായ സംഘര്‍ഷങ്ങളില്‍ കഴിഞ്ഞ വര്‍ഷം സംസഥാനത്ത് നൂറില്‍ പരം ആളുകളാണ് മരണപ്പെട്ടത്. എന്നാല്‍ നാലായിരത്തിലധികം വാഹനാപകട മരണങ്ങളാണ് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നത് ഭീതിതമാണ്. മലപ്പുറം ജില്ലയില്‍ മാത്രം 440 ജീവനാണ് റോഡില്‍ പൊലിഞ്ഞത്. അശ്രദ്ധമായ ഡ്രൈവിംഗ്, കുട്ടികളുടെ വാഹനോപയോഗം, മദ്യപിച്ച് ഡ്രൈവ് ചെയ്യല്‍ തുടങ്ങി ട്രാഫിക് നിയമങ്ങള്‍ പാലിക്കാതിരുന്നതിനാലാണ് ഈ മനുഷ്യ ഹാനിമുഴുവനുമുണ്ടായത്. യാത്രയും വാഹനങ്ങളുടെ എണ്ണവും വളരെക്കൂടിയ ഈ കാലഘട്ടത്തില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയെന്നത് വിശ്വാസിയുടെ പേരില്‍ മതബാധ്യത കൂടിയാണെന്നും മഅ്ദിന്‍ ചെയര്‍മാന്‍ ഉണര്‍ത്തി.
മാനസിക-ശാരീരിക സമാധാനമുള്ളതും സുരക്ഷിതവും ആരോഗ്യപൂര്‍ണവും സംസ്‌കാര സമ്പന്നവുമായ വീടുകള്‍ക്കായുള്ള കാമ്പയിനാണ് ഒരു മില്ല്യന്‍ സമാധാന വീടുകള്‍ എന്ന പദ്ധതിയിലൂടെ തുടക്കമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.