Connect with us

Kozhikode

മുക്കം സി എച്ച് സിയില്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു 'കൊതുകുവളര്‍ത്തു കേന്ദ്രം'

Published

|

Last Updated

മുക്കം സി എച്ച് സിയിലെ കിണറില്‍ മാലിന്യങ്ങള്‍ തള്ളിയ നിലയില്‍

മുക്കം: മുക്കം സി എച്ച് സി അധികൃതരുടെ അനാസ്ഥ പരിസരവാസികളെയും ആശുപത്രിയിലെത്തുന്ന രോഗികളെയും ഭീതിയിലാഴ്ത്തുന്നു. ആശുപത്രി വളപ്പിലെ കിണറാണ് മാലിന്യനിക്ഷേപത്തിലൂടെ കൊതുകുവളര്‍ത്തു കേന്ദ്രമായത്. മലയോര മേഖലയില്‍ ഡങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് നൂറുകണക്കിനാളുകളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

നാട്ടിന്‍പുറങ്ങളില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരും ജനപ്രതിനിധികളും ശുചീകരണം ആഘോഷമാക്കുമ്പോഴാണ് അധികാരികളുടെ മൂക്കിനു താഴെ ഈ അനാസ്ഥ.
മുപ്പത് വര്‍ഷം മുമ്പ് മുക്കംപ്രൈമറി ഹെല്‍ത്ത് സെന്റര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി മാറിയതോടെ തുടങ്ങിയതാണ് നാട്ടുകാരുടെ ദുരിതവും. പ്രൈമറി ഹെല്‍ത്ത് സെന്ററായ കാലത്ത് കിടത്തിചികിത്സയും പ്രസവം നിര്‍ത്തുന്നതിനുള്ള ഓപറേഷന്‍, ഗൈനക്കോളജിസ്റ്റടക്കമുള്ള ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ഉണ്ടായിരുന്നു. ഏത് പാതിരാത്രിയിലും ഡോക്ടര്‍മാരുടെ സേവനവും ലഭ്യമായിരുന്നു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായപ്പോള്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ ഇല്ലാത്ത അവസ്ഥയാണ്. ഉള്ള ഡോക്ടര്‍മാര്‍ തന്നെ പലപ്പോഴും എത്തിച്ചേരാന്‍ പറ്റാത്തവിധം വിവിധ ഡ്യൂട്ടികളിലുമായിരിക്കും. വിവിധ തരത്തിലുള്ള പനിയുമായി എത്തിച്ചേരുന്ന നൂറുകണക്കിന് രോഗികളുടെ രക്ത പരിശോധന നടത്താന്‍ ആവശ്യത്തിയ ലാബ് ടെക്‌നീഷ്യന്‍മാരില്ല.

വൈകുന്നേരം 4 മണി വരെയെങ്കിലും സേവനം നടത്തേണ്ട ഡോക്ടര്‍മാര്‍ ഉച്ചക്ക് ഒരു മണിയോടെ അവരുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളിലേക്ക് സ്ഥലംവിടും. രാത്രികാലങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം പോലും ഇവിടെ ലഭ്യമല്ലെന്ന് നാട്ടുകാര്‍ പറയുന്നു.
മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കുകയും 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കുകയും ചെയ്തങ്കില്‍ മാത്രമേ മലയോര ജനതയുടെ ദുരിതത്തിന് അറുതിയാകൂ.