ബേങ്കുകളെ സഹായിക്കുമെന്ന് ക്യു എഫ് സി; ഡോളര്‍ നിക്ഷേപിച്ച് സോവറിന്‍ ഫണ്ട്

Posted on: June 21, 2017 1:50 pm | Last updated: June 21, 2017 at 1:45 pm

ദോഹ: സാമ്പത്തിക ഉപരോധത്തിന്റെ സ്വാധീനത്തില്‍ രാജ്യത്തെ ബേങ്കുകളില്‍നിന്ന് വിദേശ സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിച്ചാല്‍ ബേങ്കുകള്‍ക്ക് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്ന് ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ വ്യക്തമാക്കി.
സഊദി അറേബ്യ, യു എ ഇ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ക്ക് ഖത്വര്‍ ബേങ്കുകളില്‍ ഏകദേശം 1,800 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്. രണ്ട് മാസത്തിനുള്ളില്‍ നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകുമെന്നും ക്യു എഫ് സി ചീഫ് എക്‌സിക്യൂട്ടീവ് യൂസുഫ് അല്‍ ജെയ്ദ പറഞ്ഞു. വിദേശ സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിച്ചാല്‍ അതിന് പര്യാപ്തമായ തുക സര്‍ക്കാര്‍ നല്‍കും. ക്യു എഫ് സിയിലെ മറ്റ് ബേങ്കുകള്‍ ഖത്വരി ബേങ്കിംഗ് മേഖലയില്‍ ഹ്രസ്വകാല യു എസ് ഡോളര്‍ നിക്ഷേപം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധ രാജ്യങ്ങള്‍ താമസിയാതെ ഈ നിക്ഷേപം പിന്‍വലിച്ചേക്കുമെന്ന് അദ്ദേഹ സൂചന നല്‍കി. നിക്ഷേപ കാലാവധി തീരാന്‍ രണ്ട് മാസമേയുള്ളു എന്നതിനാല്‍ പണം പിന്‍വലിച്ചാലും പ്രത്യാഘാതമുണ്ടാകില്ല. എങ്കിലും അത്തമൊരു സാഹചര്യം ഉണ്ടായാല്‍ മറികടക്കാനുള്ള പിന്തുണ സര്‍ക്കാര്‍ ബേങ്കുകള്‍ക്ക് നല്‍കുമെന്ന ഉറപ്പാണ് സെന്റര്‍ നല്‍കിയത്.

2008 ല്‍ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നും അതിനെ വിജയകരമായി അതിജീവിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് വേഗത്തില്‍ കഴിയും.
അതിനിടെ ഖത്വര്‍ പരമാധികാര സമ്പാദ്യഫണ്ട് പ്രാദേശിക ബാങ്കുകളില്‍ ഡോളറുകള്‍ നിക്ഷേപിച്ചു. സഊദി അറേബ്യയും മറ്റു ചില ഗള്‍ഫ് രാജ്യങ്ങളും ഖത്വറുമായുള്ള നയതന്ത്ര, ഗതാഗത ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് ഖത്തറിന്റെ പരമാധികാര ഫണ്ട് പ്രമുഖ പ്രാദേശികബാങ്കുകളില്‍ ഡോളറുകള്‍ നിക്ഷേപിച്ചത്. ഖത്വര്‍ നിക്ഷേപ അതോറിറ്റി കഴിഞ്ഞയാഴ്ചയാണ് ബേങ്കുകളില്‍ ബില്യണ്‍കണക്കിന് ഡോളറുകള്‍ നിക്ഷേപിച്ചത്. ഡോളര്‍ നിക്ഷേപം നടന്നതായി ഖത്വറിലെ ഒരു പ്രമുഖ ബേങ്കര്‍ സ്ഥിരീകരിച്ചു. മുന്‍കരുതലെന്ന നിലയിലാണ് ഈ നിക്ഷേപമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ വാണിജ്യബേങ്കുകളുടെ മുതിര്‍ന്ന എക്‌സിക്യുട്ടീവുകളും സെന്‍ട്രല്‍ ബേങ്ക് പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ ഡോളര്‍ ലിക്വിഡിറ്റി ആവശ്യമില്ലെന്ന് എക്‌സിക്യുട്ടീവുകള്‍ ആ യോഗത്തെ അറിയിച്ചു.