ലോകത്തെ ഏറ്റവും വിലകൂടിയ കാര്‍ സ്വെപ്‌റ്റെയില്‍; വില കേട്ടാല്‍ ഞെട്ടും

Posted on: June 21, 2017 12:27 pm | Last updated: June 21, 2017 at 12:27 pm

ന്യൂയോര്‍ക്ക്: റോള്‍സ് റോയ്‌സ് സ്വെപ്‌റ്റെയില്‍, വില 84 കോടി രൂപ (1.28 കോടി ഡോളര്‍). ഇതുവരെ ലോകം കണ്ട ഏറ്റവും വിലയേറിയ കാറിനു പോലും 32 കോടി രൂപ ( 50 ലക്ഷം ഡോളര്‍) ല്‍ താഴെയാണ് വിലയെന്നറിയുമ്പോഴാണ് സ്വെപ്‌റ്റെയിലിന്റെ ഔന്നത്യം മനസിലാവുക. ലോകത്തിലെ ഏറ്റവും വിലയേറിയ ഈ മോഡലാവട്ടെ റോള്‍സ് റോയ്‌സ് ആകെ ഒരെണ്ണമേ നിര്‍മിക്കുന്നുള്ളൂ. ഇനിയൊരു സെപ്‌റ്റെയില്‍ ഉണ്ടാവില്ല.

ഉപഭോക്താവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രത്യേകം നിര്‍മിക്കുന്ന വാഹനങ്ങള്‍ ശേഖരിക്കുന്നതില്‍ തല്‍പ്പരനായ കോടീശ്വരനാണ് സ്വെപ്‌റ്റെയിലിനെ നിര്‍മിക്കാന്‍ ബ്രിട്ടീഷ് ആഡംബരകാര്‍ ബ്രാന്‍ഡായ റോള്‍സ് റോയ്‌സിനെ സമീപിച്ചത്. ഈ ഉപഭോക്താവിനെ കുറിച്ചുള്ള വിവരങ്ങള്‍ റോള്‍സ് റോയ്‌സ് പുറത്ത് വിട്ടിട്ടില്ല. 2013 ലാണ് പൂര്‍ണ്ണമായും പ്രത്യേകം നിര്‍മിച്ച ഒരു കാര്‍ നിര്‍മിച്ച് നല്‍കണമെന്ന ആവശ്യവുമായി ഇദ്ദേഹം കമ്പനിയുമായി ബന്ധപ്പെട്ടത്. 1920-30 കാലഘട്ടത്തില്‍ റോള്‍സ് റോയ്‌സ് നിര്‍മിച്ചിരുന്ന രണ്ട് സീറ്റര്‍ ലക്ഷുറി കാറുകളുടെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഒരു സൃഷ്ടിയായിരുന്നു ഉപഭോക്താവിന്റെ ആവശ്യം. നാല് വര്‍ഷം കൊണ്ട് കാറിന്റെ നിര്‍മാണം റോള്‍സ് റോയ്‌സ് പൂര്‍ത്തിയാക്കി. മേയ് 27 ന് ഇറ്റലിയില്‍ നടന്ന കണ്‍കോര്‍സ ഡി എലഗന്‍സെയിലാണ് റോള്‍സ് റോയ്‌സ് സ്വെപ്‌റ്റെയിലിനെ അവതരിപ്പിച്ചത്.

ആറ് മീറ്ററിലേറെ നീളമുള്ള കാറാണെങ്കിലും രണ്ട് പേര്‍ക്ക് യാത്രചെയ്യാനാവും വിധമാണ് സീറ്റിന്റെ ക്രമീകരണം.

പഴയകാല ആഡംബരകാറുകളുടേതുപോലെ പിന്നിലേയ്ക്ക് തുറക്കും വിധമാണ് രണ്ട് ഡോറുകള്‍. ഡോര്‍ തുറക്കുമ്പോള്‍ അതിനടുത്തായി ബോഡിയില്‍ ലാപ്‌ടോപ്പ് സൂക്ഷിക്കാനുള്ള രഹസ്യ അറ കാണാം.

റോള്‍സ് റോയ്‌സ് ഫാന്റത്തിന് ഉപയോഗിക്കുന്ന 6.75 ലീറ്റര്‍, വി 12 പെട്രോള്‍ എന്‍ജിനാണ് സ്വെപ്‌റ്റെയിലിനും. 453 ബിഎച്ച്പി 720 എന്‍എം ആണ് എന്‍ജിന്‍ ശേഷി.

സ്വെപ്‌റ്റെയിനെ അതിന്റെ ഉടമസ്ഥന്‍ വില്‍ക്കാതെ ലോകത്ത് ആര്‍ക്കും സ്വന്തമാക്കാനാവില്ല. എന്നാല്‍ സമാന വാഹനഭ്രാന്തന്മാരായ കോടീശ്വരന്മാര്‍ എത്തിയാല്‍ ഇത്തരം അനന്യസൃഷ്ടികള്‍ നടത്താന്‍ റോള്‍സ് റോയ്‌സ് ഒരുക്കമാണ്.