രാംനാഥ് കോവിന്ദിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖം വ്യക്തമാക്കുന്ന വീഡിയോ പുറത്ത്‌

Posted on: June 21, 2017 9:55 am | Last updated: June 21, 2017 at 12:01 pm

ന്യൂഡല്‍ഹി: ദളിത് നായകനെന്ന രീതിയില്‍ എന്‍ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്ന ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖംവ്യക്തമാക്കുന്ന വീഡിയോ പുറത്ത്. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും നല്‍കുന്ന സംവരണാനുകൂല്യങ്ങളെ എതിര്‍ത്ത് രാംനാഥ് കോവിന്ദ് മുമ്പ് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇസ്‌ലാം, ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ ഇന്ത്യക്ക് അന്യമാണെന്നും ഇവര്‍ക്കുള്ള സംവരണം ഒഴിവാക്കണമെന്നും പറഞ്ഞാണ് രാംനാഥ് കോവിന്ദ് സംഘ്പരിവാര്‍ മുഖം വ്യക്തമാക്കുന്ന വീഡിയോ പ്രചരിക്കുന്നത്. 2010ല്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണിത്. 2009ല്‍ രംഗാനാഥ് മിശ്ര കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോട്ടിനെക്കുറിച്ച് പരമാര്‍ശിച്ച് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് രാംനാഥ് ന്യൂനപക്ഷവിരുദ്ധ പ്രസ്താവന നടത്തിയത്. സര്‍ക്കാര്‍ ജോലികളില്‍ മുസ്‌ലിംകള്‍ക്ക് 10 ശതമാനവും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം നല്‍കണമെന്നാണ് രംഗനാഥ് മിശ്ര കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് വളരെ അപ്രതീക്ഷിതമായി ബി ജെ പി മുന്‍ വക്താവും ബീഹാര്‍ ഗവര്‍ണറുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള എന്‍ ഡി എ സ്ഥാനാര്‍ഥിയായി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപച്ചത്. രാജ്യത്തെ ദളിത് മുന്നേറ്റങ്ങള്‍ക്കേ നേതൃത്വം നല്‍കിയ വ്യക്തിത്വം എന്നാണ് അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാംനാഥിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ആര്‍ എസ് എസ് വക്തവായ ഒരാളെ പിന്തുണക്കന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തി ഇടതുപാര്‍ട്ടികള്‍ ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. നിയമ ബിരുദധാരിയായ രാംനാഥ് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായി സേവനം ചെയ്തിട്ടുണ്ട്. വിവിധ പാര്‍ലിമെന്ററി സമിതികളിലും അംഗമായിരുന്നിട്ടുണ്ട്.