കൊതുകുവല ഉപയോഗിക്കണം; പനി വന്നാല്‍ വിശ്രമം വേണം

Posted on: June 21, 2017 11:49 am | Last updated: July 5, 2017 at 10:47 pm

തിരുവനന്തപുരം: പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. ഡെങ്കിപ്പനി പോലെയുള്ള പനികള്‍ മറ്റുള്ളവരിലേക്ക് പകരുമെന്നതിനാല്‍ രോഗബാധിതര്‍ കൊതുകുവല ഉപയോഗിക്കണം. എച്ച്1 എന്‍ 1 ബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായും ഈര്‍പ്പരഹിതമായും സൂക്ഷിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആയി ആചരിച്ച് ഉറവിട നശീകരണം നടത്തണം.
ഇപ്പോള്‍ പടരുന്ന പനി അധികവും വൈറല്‍ പനിയാണ്. ആവശ്യത്തിന് വിശ്രമം എടുക്കുകയും സാധാരണ പനിക്കുള്ള മരുന്നുകള്‍ കഴിക്കുകയും ചെയ്താല്‍ മതി. ഡെങ്കിപ്പനി, എച്ച്1 എന്‍1 പനിയും അധികം പേരിലും മാരകമാകാറില്ല. മൂന്നോ നാലോ ദിവസം കൊണ്ട് പനി ഭേദമാകും. ശരീരികവും മാനസികവുമായ വിശ്രമം പനി വേഗം ഭേദമാകാനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കും. ലളിതവും വേഗം ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളമായി ഉള്‍പ്പെടുത്തണം.
എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കിയ പാനീയം ക്ഷീണം അകറ്റാന്‍ ഉത്തമമാണ്. കുട്ടികള്‍, പ്രായം ചെന്നവര്‍, പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍, ദീര്‍ഘകാല വൃക്ക, കരള്‍, ശ്വാസകോശ രോഗികള്‍ എന്നിവര്‍ക്ക് പനി വന്നാല്‍ സങ്കീര്‍ണതയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരക്കാര്‍ക്ക് ശ്രദ്ധയോടെയുള്ള പരിചരണവും ചികിത്‌സയും ആവശ്യമാണ്. പനി ബാധിതര്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉടന്‍ ചികിത്സ തേടണം.
കൈകാലുകളില്‍ മുറിവുകള്‍ ഉള്ളവര്‍ അഴുക്കുവെള്ളത്തില്‍ ഇറങ്ങരുത്. തോടുകളിലും അഴുക്കുചാലുകളിലും പണിയെടുക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം. പനി ബാധിച്ചവര്‍ ദൂരയാത്ര ഒഴിവാക്കണം. അധിക കായിക പ്രവര്‍ത്തനങ്ങളും പാടില്ല.

ഭക്ഷണത്തില്‍ അമിതമായ ഉപ്പും കൊഴുപ്പും ഒഴിവാക്കണം. ശീതളപാനീയങ്ങള്‍, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയും ഒഴിവാക്കണം. സ്വയം ചികിത്സ പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്ന് കഴിക്കുക. ദീര്‍ഘകാല രോഗികള്‍, സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയവര്‍ തുടര്‍ച്ചയായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.