പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ചതിന് 23 പേര്‍ക്കെതിരെ കേസ്

Posted on: June 20, 2017 8:00 pm | Last updated: June 21, 2017 at 10:16 am

കാസര്‍കോട് : ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക്കിസ്ഥാന്‍ ടീമിനെ അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുകയും ആഹ്ലാദപ്രകടനം നടത്തി പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ കാസര്‍കോട് 23 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുടകില്‍ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശില്‍ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബര്‍ഹാന്‍പുരില്‍ പാക്ക് വിജയം ആഘോഷിച്ചതിനാണു ഇവരെ അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു.

രാത്രിയില്‍ പൊതുസ്ഥലത്തു മറ്റുള്ളവരെ ഭീതിയിലാഴ്ത്തുംവിധം പടക്കം പൊട്ടിക്കുക (ഐപിസി 486), മനഃപൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക (ഐപിസി 153), വിശ്വാസത്തിനു വ്രണം ഏല്‍പ്പിക്കാനുള്ള മനഃപൂര്‍വമായ ശ്രമം (ഐപിസി 295എ) വകുപ്പകള്‍ അനുസരിച്ചാണു കേസെടുത്തിരിക്കുന്നത്.

കുമ്പടാജെ ചക്കുടലില്‍ സ്വദേശികളായ റസാഖ്, മസൂദ്, സിറാജ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 20 പേര്‍ക്കുമെതിരെയാണു ബദിയടുക്ക പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. കുമ്പടാജെ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ബിജെപി നേതാവുമായ രാജേഷ് ഷെട്ടി നല്‍കിയ പരാതിയെത്തുടര്‍ന്നു പൊലീസ് പ്രാഥമിക അന്വേഷണം നടത്തി കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പാക്കിസ്ഥാന്‍ ജേതാക്കളായ 18ന് രാത്രി 11ന് കുമ്പടാജെ ചക്കുടലില്‍ ഇവരുടെ നേതൃത്വത്തില്‍ റോഡില്‍ ആഹ്ലാദ പ്രകടനം നടത്തിയെന്നും പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നുമാണു പരാതി. ആഹ്ലാദപ്രകടനത്തിനുശേഷം പടക്കം പൊട്ടിച്ചെന്നും പരാതിയില്‍ പറയുന്നു.

ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്ന പരാതിയിലാണു കുടകിലും മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശിക ബിജെപി നേതാവ് ആണു പരാതി നല്‍കിയത്. പിടിയിലായവര്‍ ഒരു പാര്‍ട്ടിയുടെയും അനുഭാവികളല്ലെന്നു പൊലീസ് പറഞ്ഞു. യുവാക്കളെ കൗണ്‍സലിങ്ങിനു ശേഷം വിട്ടയയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ഇതിനെതിരെ എതിര്‍പ്പുയര്‍ന്നു