അബ്ദുല്‍ ഹമീദിന്റെ നിര്യാണത്തില്‍ പ്രവാസി സമൂഹത്തിന്റെ അനുശോചനം

Posted on: June 20, 2017 2:52 pm | Last updated: June 20, 2017 at 2:52 pm

ദോഹ: ഖത്വറിലെ പ്രമുഖ വ്യവസായിയും മുന്‍നിര സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന കെ പി അബ്ദുല്‍ ഹമീദിന്റെ (79) നിര്യാണത്തില്‍ ഖത്വറിലെ പ്രവാസി ഇന്ത്യന്‍ സമൂഹം അനുശോചിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) പ്രസിഡന്റ് എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച് സാമൂഹിക പ്രവര്‍ത്തനം നടത്തിയ അദ്ദേഹം വിവിധ സംഘടനകളുമായും സംരംഭങ്ങളുമായും സഹകരിച്ചു.

ഇന്നലെ ബെംഗളൂരുവില്‍ വെച്ചാണ് അദ്ദേഹം നിര്യാതനായി. ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ഖത്വറിലെ അല്‍ മുഫ്ത റെന്റ് എ കാറിന്റെ സഹ ഉടമയായിരുന്നു. 1968ല്‍ ഖത്വറിലെത്തിയ അബ്ദുല്‍ ഹമീദ് തൃശൂര്‍ ജില്ലയിലെ വടക്കേകാട് കോച്ചനൂര്‍ സ്വദേശിയാണ്. ഭാര്യ ആമിനു ഹമീദ്. മക്കള്‍: ഡോ. നജീബ് കെ പി (ഹമദ് ഹോസ്പിറ്റല്‍), ഫാസില്‍ ഹമീദ് (അസി. ജനറല്‍ മാനേജര്‍ അല്‍ മുഫ്താ റെന്റ് എ കാര്‍). മരുമക്കള്‍: ആബിദ. അല്‍ മുഫ്ത റെന്റ് എ കാര്‍ മാനേജിംഗ് ഡയറക്ടര്‍ എ കെ ഉസ്മാന്‍ ഭാര്യാ സഹോദരനാണ്.

അബ്ദുല്‍ ഹമീദിന്റെ നിര്യാണത്തില്‍ എം ഇ എസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ മാനേജ്‌മെന്റ് കമ്മിറ്റി അനുശോചിച്ചു. സാമൂഹിക പുരോഗതിയില്‍ തത്പരനായിരുന്ന അദ്ദേഹം സ്‌കൂളില്‍ മദ്‌റസാ പഠനത്തിന് സൗകര്യമൊരുക്കുന്നതില്‍ മുന്‍കൈയെടുത്തുവെന്ന് ചെയര്‍മാന്‍ പറവണ്ണ അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ പറഞ്ഞു. കെ എം സി സി സംസ്ഥാന കമ്മിറ്റിയും ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റിയും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. പ്രവാസാനുഭവങ്ങളുടെ ഒരു മഹാഗ്രന്ഥമായിരുന്നു കെ പി അബ്ദുല്‍ ഹമീദ് എന്നും ലഭിച്ച പദവികള്‍ സാമൂഹിക നന്മക്കായി വിനിയോഗിച്ചയാളായിരുന്നു അദ്ദേഹമെന്നും കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍ പറഞ്ഞു.