Connect with us

Kerala

പുതുവൈപ്പ് സമരം: രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം

Published

|

Last Updated

തിരുവനന്തപുരം: പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരെ നടന്നുവന്ന ജനകീയ സമരത്തിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം. പുതുവൈപ്പിലെ പോലീസിന്റെ നടപടി എല്‍ഡിഎഫിന്റെ നയങ്ങളെ വികൃതവും അപഹാസ്യവുമാക്കിയെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗം കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ പോലീസ് നയം മുഖ്യമന്ത്രി പ്രവൃത്തിയിലൂടെ കാണിച്ച് കൊടുക്കണം. സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയാറാകണം മുഖ്പ്രസംഗം വ്യക്തമാക്കി. പോലീസ് അതിക്രമത്തെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുഖപ്രസംത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖപ്രസംഗത്തിന്റെ പൂര്‍ണ രൂപം വായിക്കാം….

കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ്

പുതുവൈപ്പില്‍ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരെ തദ്ദേശവാസികളുടെ സമരം വികസന സംരംഭങ്ങളെപ്പറ്റിയും വികസന സംസ്‌കാരത്തെപ്പറ്റിയും കേരള സമൂഹത്തെ ഇരുത്തിചിന്തിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. ഉയര്‍ന്ന ജനസാന്ദ്രതയും ഇടുങ്ങിയ പാതകളടക്കം പരിമിതമായ ഗതാഗത സൗകര്യവും പരിഗണിക്കുമ്പോള്‍ നിര്‍ദ്ദിഷ്ട എല്‍പിജി സംഭരണി വലിയൊരു ജനവിഭാഗത്തിന് തികച്ചും ആകര്‍ഷകവും സ്വീകാര്യവുമാണ്. വൈപ്പിന്‍ നിവാസികളടക്കം ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും പാചകവാതക ഉപഭോക്താക്കളാണെന്നതും പദ്ധതിക്ക് ഏറെ അനുകൂലമായ ഘടകമാണ്. പാചകവാതകം ജനങ്ങള്‍ക്ക് അവരുടെ ഭവനങ്ങളില്‍ കുഴല്‍വഴി എത്തിച്ചേരുമെന്നും അതിന്റെ തടസംകൂടാതെയുള്ള ലഭ്യത ഉറപ്പുവരുത്തുമെന്നതും ആശ്വാസകരമാണ്. അതുകൊണ്ട് തന്നെ പദ്ധതി അതിവേഗം സാധ്യമാകുമെന്ന പൊതുധാരണയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്കിടയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നതായി പൊലീസ് ഉന്നതരില്‍ നിന്നും ആരോപണം ഉയര്‍ന്നിരിക്കുന്നു. പ്രക്ഷോഭകരെ ഇതുവരെ പൊലീസ് നേരിട്ട രീതി മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവുന്നതല്ല. അത് എല്‍ഡിഎഫിന്റെ വിശ്വാസ്യതയ്ക്കുമേലാണ് കളങ്കം ചാര്‍ത്തിയിരിക്കുന്നത്. ആരുഭിച്ചാലും പൊലീസ് പഴയപടിയെ പ്രവര്‍ത്തിക്കൂ എന്ന തോന്നല്‍ ജനങ്ങളില്‍ ബലപ്പെടുത്താന്‍ അതിടയാക്കി. ഇടതുപക്ഷ ഭരണത്തില്‍ സാമാന്യ ജനങ്ങളോട് സഹാനുഭൂതിയോടെ പൊലീസ് പെരുമാറുമെന്ന വിശ്വാസത്തിനാണ് മങ്ങലേറ്റിരിക്കുന്നത്. കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന സമീപനം സംബന്ധിച്ച പ്രഖ്യാപനത്തെ പുതുവൈപ്പ് പൊലീസ് നരനായാട്ടുമായി കൂട്ടിവായിക്കാന്‍ പല കേന്ദ്രങ്ങളും കാട്ടിയ തിടുക്കം ശ്രദ്ധേയമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയം എന്താണെന്ന്, പ്രസ്താവനയിലൂടെയല്ല പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി തയാറാവണം. സര്‍ക്കാരിന്റെ പൊലീസ് നയത്തെ വികൃതവും അപഹാസ്യവുമാക്കിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുകയാണ് അതിനുള്ള മാര്‍ഗം. പുതുവൈപ്പില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ജനകീയ പ്രതിരോധത്തിന് പരിഹാരം കാണാനും അതിനായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനും അതുവഴിമാത്രമേ കഴിയു.
വികസനമെന്നാല്‍ പത്തുവരിപ്പാതകളും വമ്പന്‍ തുറമുഖങ്ങളും ലോകോത്തര വിമാനത്താവളങ്ങളും വാതകക്കുഴല്‍ ശൃംഖലകളും വ്യവസായ സമുച്ചയങ്ങളും അണക്കെട്ടുകളും ആഡംബര മാളുകളുമുള്‍പ്പെട്ട നിര്‍മിതികളായി കാണുന്ന പാശ്ചാത്യ മുതലാളിത്ത സംസ്‌കാരം ലോകമെങ്ങും ചോദ്യം ചെയ്യപ്പെടുകയാണ്. മനുഷ്യ ജീവിതത്തിന് ആധുനിക ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ലഭ്യമാവണം. പക്ഷെ മഹാഭൂരിപക്ഷം വരുന്ന ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെയും ജീവിതനിലനില്‍പിനെ അപ്പാടെ നിഷേധിച്ചുകൊണ്ടാവരുത് അത്. അവനും അവന്റെ ജീവിതവും അവന്‍ ജീവിക്കുന്ന ജൈവപ്രകൃതിയും കേന്ദ്രമായുള്ള ഒരു വികസനം മാത്രമേ അവന് സ്വീകാര്യമാവു. വികസനത്തിന്റെ വിനാശകരമായ പാശ്ചാത്യ മാതൃകകളെ അപ്പാടെ പകര്‍ത്താന്‍ ശ്രമിക്കുന്നത് വന്‍ ദുരന്തങ്ങള്‍ക്കായിരിക്കും വഴിതെളിക്കുക. എന്‍ഡോസള്‍ഫാനും കൊക്കോക്കോളയും അതാണ് നമുക്ക് കാണിച്ചുതരുന്നത്. അത്തരം ദുരന്തങ്ങളുടെ മറുപുറമാണ് സിംഗൂരും നന്ദിഗ്രാമും. അവയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ നാം തയാറാവണം. പുതുവൈപ്പ് പദ്ധതിയെപ്പറ്റി പുറത്തുവന്ന വസ്തുതകള്‍ വെളിപ്പെടുത്തുന്നത് വികസന പദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ച സമസ്ത മാനദണ്ഡങ്ങളുടെയും നിരാസമാണ്. തീരദേശ പരിപാലനം സംബന്ധിച്ച എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും അവിടെ അട്ടിമറിക്കപ്പെട്ടു. ഒരു ബൃഹദ് പദ്ധതിക്ക് അനിവാര്യമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാത പഠനങ്ങള്‍ യാതൊന്നും തൃപ്തികരമായോ ജനങ്ങള്‍ക്ക് ബോധ്യപ്പെടുംവിധമോ നിര്‍വഹിക്കപ്പെട്ടില്ല. പദ്ധതി പ്രദേശത്തെ തദ്ദേശ ഭരണകൂടത്തിന്റെ അഭിപ്രായത്തിനോ എതിര്‍പ്പിനോ പുല്ലുവില കല്‍പിക്കപ്പെട്ടില്ല. വികസനത്തിന്റെ പേരില്‍ പാവങ്ങളെ എങ്ങനെയും നേരിടാമെന്ന ഉദ്യോഗസ്ഥ പ്രമാണിമാരുടെ അഹന്തയാണ് പുതുവൈപ്പില്‍ ചോദ്യം ചെയ്യപ്പെടുന്നത്.
പുതുവൈപ്പിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം യാതൊരു മുന്‍വിധിയും കൂടാതെ പ്രക്ഷുബ്ധരായ അവിടത്തെ ജനങ്ങളുമായി ചര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. അതുവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണം. പൊലീസ് അതിക്രമങ്ങളിലേക്ക് നയിച്ച സംഭവങ്ങളും കാരണങ്ങളും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിന് വിധേയമാവണം. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ക്രിമിനല്‍ അതിക്രമങ്ങള്‍ക്കും ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥരുടെ മേല്‍ മാതൃകാപരമായ നിയമ നടപടികള്‍ സ്വീകരിക്കണം. അതിലൂടെ മാത്രമേ കേരളത്തിനു പൊതുവില്‍ പ്രയോജനകരമായേക്കാവുന്ന പദ്ധതിയുടെ ഭാവിയെപ്പറ്റി സമവായത്തിനും മുന്നോട്ടുള്ള മാര്‍ഗത്തിനും വഴിയൊരുങ്ങു.

---- facebook comment plugin here -----

Latest