പോലീസിലെ ഫയല്‍ ചോര്‍ത്തല്‍ വിവാദം

Posted on: June 19, 2017 12:06 pm | Last updated: June 19, 2017 at 12:06 pm

പ്രമാദമായ കേസുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ അപ്രത്യക്ഷമാകുന്നത് സര്‍ക്കാര്‍ വകുപ്പുകളില്‍ പതിവാണ്. പൊതുഖജനാവിന് കോടികള്‍ നഷ്ടം വരുത്തിയ കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കേസിന്റെ ഫയലുകള്‍ മുക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്ത വാര്‍ത്ത വന്നത് അടുത്തിടെയാണ്. കഴിഞ്ഞ മകരവിളക്ക് കാലത്ത് ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ ദേവസ്വം ആസ്ഥാനത്തു നിന്ന് കാണാതായിരുന്നു. 1.87 കോടിയുടെ പാത്രങ്ങള്‍ വാങ്ങിയതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്തുവരികയും ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഫയലുകള്‍ എവിടെയോ പോയി മറഞ്ഞത്.

മെത്രാന്‍കായല്‍ നികത്താനുള്ള അനുമതി, സന്തോഷ് മാധവന്‍ ഇടനിലക്കാരനായ സ്വകാര്യ കമ്പനിക്ക് റവന്യൂഭൂമി പതിച്ചുനല്‍കാനുള്ള തീരുമാനം തുടങ്ങി കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് കൈക്കൊണ്ട വിവാദമായ തീരുമാനങ്ങള്‍ അടങ്ങിയ ഫയലുകള്‍ നശിപ്പിക്കാനുള്ള നീക്കം നടന്നതായും ആരോപണമുണ്ടായിരുന്നു. മന്ത്രിമാരുടെ ഓഫീസും സെക്ഷനുകളും പുതുതായി നിര്‍മിച്ച അനക്‌സ് മന്ദിരത്തിലേക്ക് മാറ്റുന്നതിന്റെ മറവിലാണ് ഈ ശ്രമം നടന്നതെന്നാണ് വാര്‍ത്ത. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ തമിഴ്‌നാടും കേരളവുമായി നടക്കുന്ന കേസുകളുടെ ഫയലുകള്‍ ഒരു മലയാളി ഉദ്യോഗസ്ഥന്‍ സെക്രട്ടേറിയേറ്റില്‍ നിന്ന് ചോര്‍ത്തി തമിഴ്‌നാട് സര്‍ക്കാറിന് കൈമാറുന്നതായി 2013ല്‍ കണ്ടെത്തിയത് സംസ്ഥാന ഇന്റലിജന്‍സാണ്. കേസുകളില്‍ കേരളം തുടര്‍ച്ചയായി പരാജപ്പടുന്നതിന്റെ കാരണമിതാണെന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം.
ഇപ്പോഴിതാ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് നിന്നും ഫയല്‍ ചോര്‍ത്തല്‍, മോഷണ വിവാദം ഉയര്‍ന്നിരിക്കുന്നു. പോലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി സെക്ഷനിലെ രഹസ്യരേഖകള്‍ ഡി ജി പി സെന്‍കുമാര്‍ ചോര്‍ത്തുകയും കൈക്കലാക്കാന്‍ ശ്രമം നടത്തുകയും ചെയ്‌തെന്ന് എ ഡി ജി പി ടോമിന്‍തച്ചങ്കരിയും, തച്ചങ്കരിയാണ് ഫയലുകള്‍ ചോര്‍ത്തിയതും കടത്തിക്കൊണ്ടു പോയതുമെന്ന് സെന്‍കുമാറും പരസ്പരം കുറ്റപ്പെടുത്തുന്നു. മറ്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാറിനുമെതിതിരെ വ്യവഹാരങ്ങളില്‍ തെളിവായി ഉപയോഗിക്കാനാണ് സെന്‍കുമാര്‍ ഫയല്‍ ചോര്‍ത്തിയതെന്നാണ് തച്ചങ്കരിയുടെ വാദം. അനുമതിയില്ലാതെ വിദേശ യാത്ര നടത്തി, തീവ്രവാദ ബന്ധമുള്ളവരുമായി വിദേശയാത്ര നടത്തി എന്നതുള്‍പ്പെടെ ഗുരുതരമായ വിവിധ ആരോപണങ്ങളില്‍ തച്ചങ്കരി അന്വേഷണവും നിയമ നടപടിയും നേരിടുന്നുണ്ട് തച്ചങ്കരി. ഇത് ഭാവിയെ ബാധിക്കുമെന്നതിനാല്‍ ഫയലുകളില്‍ തിരുത്തലുകള്‍ വരുത്തി തന്നെ സംബന്ധിച്ച രേഖകള്‍ ക്ലിയറാക്കാനാണ് തച്ചങ്കരിയുടെ നീക്കമെന്ന് സെന്‍കുമാറും പറയുന്നു.

പോലീസ് വകുപ്പില്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് പുതുമയുള്ള കാര്യമല്ല. ക്രം റെക്കാര്‍ഡ് ബ്യൂറോയുടെതുള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥന് അനുവദിച്ച പാസ്‌വേര്‍ഡ് ഉപയോഗിച്ചു ചോര്‍ത്തിയ വിവരം അടുത്തിടെ കണ്ടെത്തിയതാണ്. ഉദ്യോഗസ്ഥ പ്രമുഖന്റെ കമ്പ്യൂട്ടറിലുള്ള ചില വിവരങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അത് ചോര്‍ത്തിയതാണെന്ന വിവരം അറിയുന്നത്. പോലീസ് മേധാവികള്‍ മാത്രം അറിഞ്ഞിരിക്കേണ്ട അതീവ രഹസ്യമുള്ള വിവരങ്ങളായിരുന്നു ഇതെല്ലാം. പോലീസിലെ ഉന്നതന്‍ തന്നെയാണ് തന്റെ പാസ്‌വേര്‍ഡ് നല്‍കി ഓര്‍ഡലിയെ കൊണ്ട് ഫയലുകള്‍ പകര്‍ത്തിപ്പിച്ചതെന്നാണ് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടത്. ഇതും പോലീസ് ഉന്നതങ്ങളിലെ ചേരിപ്പോരിന്റെ ഭാഗമായി പരസ്പരം പാര പണിയാനുള്ള നീക്കത്തിന്റെ ഭാഗമായിരിക്കാം. ഏതായാലും ഫയലുകള്‍ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യുകയും വിവരങ്ങള്‍ കര്‍ശനമായി സൂക്ഷിക്കുകയും ചെയ്യേണ്ട പോലീസിന്റെ തലപ്പത്തുള്ളവര്‍ അത് ചോര്‍ത്തുന്നുവെന്നത് അതീവ ഗുരുതരമായ കാര്യമാണ്. പോലീസ് തലപ്പത്തെ അവസ്ഥ ഇതാണെങ്കില്‍ സംസ്ഥാനത്തിന്റെ പൊതുസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരെ കൈമാറ്റം ചെയ്യാന്‍ സാധ്യതയുണ്ട്.

കേന്ദ്ര ഓഫീസുകളില്‍ നിന്ന് കോര്‍പറേറ്റ് കമ്പനികള്‍ക്ക് പെട്രോളിയം മന്ത്രാലയത്തിന്റെ ഫയലുകള്‍ ചോര്‍ത്തിയതായി ഈയിടെ കണ്ടെത്തിയപ്പോള്‍ ഫയലുകളുടെ സുരക്ഷക്കായി ചില നടപടികള്‍ സ്വീകരിച്ചിരുന്നു. മന്ത്രാലയങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറുകളില്‍ സ്വകാര്യ വര്‍ക്കുകള്‍ നിരോധിക്കുക, പെന്‍ ഡ്രൈവുകളും എസ്‌ക്‌റ്റേണര്‍ മെമ്മറികള്‍ ഘടിപ്പിക്കാനുള്ള ഡ്രൈവുകള്‍ നീക്കം ചെയ്യുക, ഫോട്ടോ കോപ്പികള്‍ എടുക്കുമ്പോള്‍ അത് ചോരുന്നില്ലെന്ന് ഉറപ്പുവരുത്താനായി മെഷീനിലെ കോപ്പികളുടെ എണ്ണം കണക്കാക്കുന്നതിനുള്ള സംവിധാനം നിര്‍ബന്ധമായും ഉപയോഗപ്പെടുത്തുക, കൂടുതല്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍. കേസുകളുമായോ ക്രമസമാധാനവുമായോ ബന്ധപ്പെട്ട രഹസ്യങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ഇത്തരം സംവിധാനങ്ങള്‍ പോലീസ് ആസ്ഥാനത്തും ആവശ്യമാണ്. അത് സജ്ജീകരിച്ചാല്‍ തന്നെ; പോലീസ് ഉന്നതങ്ങളില്‍ അച്ചടക്കവും കൃത്യനിര്‍വഹണത്തില്‍ കൃത്യതയും ഉത്തരവാദിത്ത ബോധവുമില്ലെങ്കില്‍ ഫലപ്രദമാകണമെന്നില്ല. ഉന്നതങ്ങളിലെ ഭിന്നത അവസാനിപ്പിക്കുകയും അച്ചടക്കം ഉറപ്പ് വരുത്തുകയുമാണ് പോലീസില്‍ ആദ്യമായി വേണ്ടത്.