ഡിജിപി ജേക്കബ് തോമസ് ഐഎംജി ഡയറക്ടറായി ചുമതലയേറ്റു

Posted on: June 19, 2017 9:34 am | Last updated: June 19, 2017 at 12:17 pm

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് ഐഎംജി ഡയറക്ടറായി ചുമതലയേറ്റു. വിജിലന്‍സില്‍ നിന്ന് തന്നെ മാറ്റിയതിനെ കുറിച്ച് പിന്നീട് പറയുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു വര്‍ഷത്തേക്കാണ് ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസിന്റെ രണ്ടരമാസത്തെ അവധി ഇന്നലെ അവസാനിച്ചിരുന്നു. അദ്ദേഹത്തിന് ഏത് പദവിയാണ് നല്‍കേണ്ടതെന്ന കാര്യത്തില്‍ ഇന്നലെ രാത്രി വൈകിയും തീരുമാനമുണ്ടായിരുന്നില്ല.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ടിപി സെന്‍കുമാര്‍ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ഇപ്പോള്‍ ജേക്കബ് തോമസിനെ നിയമിച്ചിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് മേധാവിയായി നിയമിക്കുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐഎംജി.