മെട്രോയില്‍ മോദിക്കൊപ്പം യാത്ര; കുമ്മനത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

Posted on: June 17, 2017 12:55 pm | Last updated: June 17, 2017 at 3:12 pm

കൊച്ചി: ഉദ്ഘാടനത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മെട്രോയില്‍ യാത്രചെയ്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം എന്നിവര്‍ക്കൊപ്പം കുമ്മനവും മെട്രോ ഉദ്ഘാടന യാത്രയില്‍ പ്രധാനമന്ത്രിയെയെ അനുഗമിക്കുകയായിരുന്നു.

പ്രധാനമന്ത്രിക്കൊപ്പം ഇരിക്കാന്‍ കുമ്മനത്തിന് ഔദ്യോഗികമായി എന്ത് സ്ഥാനമാണ് ഉള്ളതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മോദിക്കൊപ്പം കൂടിയ എട്ടികാലി മമ്മൂഞ്ഞാണ് കുമ്മനമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ജനപ്രതിനിധിയോ ഭരണഘടനാ പദവികളോ ഇല്ലാത്ത കുമ്മനം രാജശേഖരനെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കേന്ദ്രമന്ത്രിക്കുമൊപ്പം കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത് ഗുരുതരമായ തെറ്റും പിഴവുമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

കുമ്മനം പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത് സംബന്ധിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍. നേരത്തെ, ഉദ്ഘാടന വേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടികയില്‍ ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നതിന് മുമ്പ് കുമ്മനം പ്രഖ്യാപിച്ചതും ചര്‍ച്ചയായിരുന്നു.