Connect with us

Gulf

ക്യൂ സ്യൂട്ട് ഉള്‍പ്പെടുത്തിയ ആദ്യ വിമാനം പാരീസ് എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും

Published

|

Last Updated

ദോഹ: വിപ്ലവാത്മക മാറ്റത്തോടുകൂടിയ യാത്രാ അനുഭവം നല്‍കുന്ന ഖത്വര്‍ എയര്‍വേയ്‌സിന്റെ പുതിയ ക്യുസ്യൂട്ട് ഘടിപ്പിച്ച വിമാനം ആദ്യമായി പാരീസ് എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെ നീളുന്ന എയര്‍ ഷോയില്‍ പ്രധാന ശ്രദ്ധാകേന്ദ്രം ഇതോടെ ഖത്വര്‍ എയര്‍വേയ്‌സാകും.

ബിസിനസ് ക്ലാസ് കാബിനില്‍ വ്യത്യസ്തമായ ഫസ്റ്റ് ക്ലാസ് അനുഭവം ലഭ്യമാകുന്ന തരത്തില്‍ രൂപകല്പന ചെയ്ത ക്യു സ്യൂട്ട് ബോയിംഗ് 777ലാണ് ഘടിപ്പിക്കുക. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച ക്യൂസ്യൂട്ടിന് വലിയ വരവേല്‍പ്പാണ് വിപണിയില്‍ ലഭിച്ചത്. അള്‍ട്രാസ് 2017ല്‍ ബെസ്റ്റ് എയര്‍ലൈന്‍ ഇന്നൊവേഷന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഖത്വര്‍ എയര്‍വേയ്‌സിന് ലഭിച്ചിരുന്നു. യോര്‍ക്ക് രാജ്ഞി സാറ, യോര്‍ക്ക് രാജകുമാരി യൂജീന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ലണ്ടനിലെ ദ സാവോയ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ വഴിത്തിരിവ് സമ്മാനിക്കുന്ന ക്യൂ സ്യൂട്ട് ലോകത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള മികച്ച അവസരമാണ് പാരീസ് എയര്‍ ഷോയെന്ന് ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. വ്യവസായമേഖലക്കും വ്യാപാരികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം ഒരാഴ്ച നീളുന്ന ഷോയിലെ പ്രധാന ആകര്‍ഷണം ക്യൂ സ്യൂട്ട് ആയിരിക്കുമെന്നതില്‍ സംശയമില്ല. നവീനത അവതരിപ്പിക്കുന്നതിലെയും യാത്രക്കാര്‍ക്ക് ഗുണമേന്മയുള്ള മികച്ച അനുഭവം സമ്മാനിക്കുന്നതിലെയും പ്രതിബദ്ധതയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.