ബ്രണ്ണന്‍ കോളജിലെ വിവാദ മാഗസിന്‍: 13 പേര്‍ക്കെതിരെ കേസ്

Posted on: June 16, 2017 12:00 pm | Last updated: June 16, 2017 at 2:07 pm

കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളജ് മാഗസിനില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ 13 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്റ്റാഫ് എഡിറ്റര്‍ കെവി സുധാകരന്‍, സ്റ്റുഡന്റ് എഡിറ്റര്‍ അതുല്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ജാമ്യമില്ലാത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തത്.

പെല്ലറ്റ് എന്ന പേരിലുള്ള മാഗസിന്‍ ദേശീയ പതാകയെയും ദേശീയ ഗാനാലാപനത്തെയും അപമാനിക്കുന്നതാണെന്നും അശ്ലീലത നിറഞ്ഞതാണെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് എബിവിപി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

മാസികയുടെ 13ാം പേജിലെ അശ്ലീല രേഖാ ചിത്രങ്ങളാണ് വിവാദമായത്. രാഷ്ട്രസ്‌നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം എന്ന അടിക്കുറുപ്പോടെ ചേര്‍ത്ത ചിത്രമാണ് വിവാദത്തിനിടയാക്കിയത്.

ദേശീയഗാനം സ്‌ക്രീനില്‍ വരുമ്പോള്‍ തിയേറ്ററിലെ കസേരകള്‍ക്ക് പിന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രേഖാ ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്.