Connect with us

Eranakulam

മെട്രോ നാളെ ട്രാക്കില്‍; കൊച്ചിയില്‍ കനത്ത സുരക്ഷ

Published

|

Last Updated

കൊച്ചി: വിവാദങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമര്‍പ്പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

സുരക്ഷയുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഉദ്ഘാടന വേദിയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ ഉള്‍പ്പെടാത്ത കലൂരില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളത്തില്‍ നാളെ രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി മെട്രോ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക. പാലാരിവട്ടത്തെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് മെട്രോയില്‍ പത്തടിപ്പാലം വരെയും തിരിച്ചു പാലാരിവട്ടത്തേക്കും യാത്ര ചെയ്യും.

3500 പേരെ ഉള്‍ക്കൊള്ളുന്ന വേദിയാണ് ഒരുക്കിയിരിക്കുന്നത്. ക്ഷണപത്രികയും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാത്തവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല.അവസാനഘട്ട നിര്‍മാണം പൂര്‍ത്തിയായി രണ്ടാഴ്ചയായി ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ ഒഴിവിനായി കാത്തിരിക്കുകയായിരുന്നു.

ആലുവ മുതല്‍ പേട്ട വരെ 25 കിലോമീറ്റര്‍ ദൂരമാണ് സമ്പൂര്‍ണ മെട്രോ പദ്ധതി. ഇതിന്റെ ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് മെട്രോ യാത്ര നിര്‍മാണം പൂര്‍ത്തിയായ ദൂരം.

Latest