ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഇന്നലെ മാത്രം 179 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

Posted on: June 16, 2017 9:51 am | Last updated: June 16, 2017 at 12:02 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം കാട്ടാക്കാട് പന്നിയോടു സ്വദേശി രമേശ് റാം (38) ആണു മരിച്ചത്. ഇതോടെ സംസ്ഥാനത്തെ പനി മരണം 106 ആയി. എച്ച്1 എന്‍1, ഡെങ്കിപ്പനി, വൈറല്‍ പനി തുടങ്ങിയ വിവിധ അസുഖങ്ങളാണ് സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള സംസ്ഥാനത്തെ ത്രിതല ചികില്‍സാ കേന്ദ്രങ്ങളില്‍ ദിവസവും നൂറുകണക്കിനു രോഗികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്തൊട്ടാകെ ഇന്നലെ 737 പേരെ പനി ബാധിതരായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 179 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ 81 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. തൊട്ടടുത്ത് 18 പേരുമായി കൊല്ലം ജില്ലയാണ്. എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.