അവസാനത്തെ പത്തിലെ തിരു നബി(സ)

Posted on: June 16, 2017 6:00 am | Last updated: June 15, 2017 at 11:13 pm

റമസാന്റെ മഹത്വങ്ങളും അതിലെ സൗഭാഗ്യങ്ങളും നന്നായറിയുന്നത് നബി(സ) തങ്ങള്‍ക്കാണ്. റമസാന്‍ മാസത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ച് അവയിലോരോന്നിലും ലഭിക്കുന്ന പ്രത്യേകതകളെക്കുറിച്ച് നബി(സ) നമ്മെ അറിയിച്ചിട്ടുണ്ട്. റമസാന്‍ മൊത്തത്തിലും ലഭ്യമാകുന്ന കാര്യങ്ങള്‍ തന്നെ, ഓരോ ഭാഗങ്ങളില്‍ പ്രത്യേകമായി ഓരോന്ന് ലഭ്യമാണെന്ന് വിവരിച്ചുതന്ന് നമ്മെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൂടുതല്‍ സൗഭാഗ്യങ്ങളുള്ള അവസരത്തെ പരമാവധി ഉപയോഗപ്പെടുത്താനുള്ള സന്ദേശം അതിലടങ്ങിയിട്ടുണ്ട്.

നബി(സ)യുടെ റമസാന്‍ ജീവിതത്തിലും ഈ അവസര പരിഗണന നമുക്ക് കാണാന്‍ കഴിയും. നബി(സ) സ്വഹാബികളുമായി തറാവീഹ് നിസ്‌കരിച്ചത് അവസാനത്തെ പത്തിലായിരുന്നു. റമസാന്‍ മാസത്തിലെ രാത്രി നിസ്‌കാരം സുന്നത്താണെന്നും അതിനാല്‍ പൂര്‍വപാവങ്ങള്‍ പൊറുക്കപ്പെടുമെന്നും പറഞ്ഞ നബി(സ)തങ്ങള്‍ ആ നിസ്‌കാരത്തിന്റെ എക്കാലത്തെയും മാതൃക സമര്‍പ്പിക്കുന്നതിന് തിരഞ്ഞെടുത്തത് അവസാനത്തെ പത്തിലെ ചില രാത്രികളായിരുന്നുവെന്നതാണ് ചരിത്രം. റമസാന്‍ നോമ്പിന് സമാന പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട നിസ്‌കാരത്തെ സ്വഹാബത്തിന്റെ ആവേശം കാരണം, അവരോടൊപ്പം നബി(സ) നിസ്‌കരിച്ചത് മൂന്ന് രാത്രികളില്‍ മാത്രമാണ്. ശേഷമുള്ള രാത്രികളിലും നബി(സ)യുടെ വരവ് പ്രതീക്ഷിച്ച് സ്വഹാബികള്‍ കാത്തുനിന്നെങ്കിലും അവിടുന്ന് എത്തിയില്ല. ഫര്‍ളായാല്‍ സമുദായത്തിനുണ്ടാകുന്ന പ്രയാസം പരിഗണിച്ചായിരുന്നു ഇത്. പള്ളിയില്‍ തന്നെ ഒരു ഭാഗത്തുണ്ടായിരുന്ന നബി(സ) ജമാഅത്ത് നിസ്‌കാരത്തിന് പുറത്ത് വരാതിരുന്നത് സമൂഹത്തോടുള്ള കരുണ കൊണ്ടായിരുന്നു.

അവസാനത്തെ പത്തെത്തുമ്പോള്‍ നബി(സ) മറ്റു കാലങ്ങളെ അപേക്ഷിച്ച് ഇബാദത്തുകളില്‍ മുഴുകിയിരുന്നുവെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ആഇശ(റ) അതേകുറിച്ച് പറഞ്ഞതിങ്ങനെയാണ്. ‘(അവസാന) പത്ത് ദിവസങ്ങളില്‍ നബി(സ) അരയുടുപ്പ് മുറുക്കിയുടുക്കും. രാത്രികളെ സജീവമാക്കും. കുടുംബത്തെ വിളിച്ചുണര്‍ത്തും. (ബുഖാരി). മൂന്ന് കാര്യങ്ങള്‍ നബി(സ) അവസാനത്തെ പത്തില്‍ ചെയ്തിരുന്നു. സ്വന്തം ഇബാദത്ത് ചെയ്യുന്നതിനും കുടുംബത്തെ നല്ല കാര്യങ്ങള്‍ ചെയ്യിക്കുന്നതിനുമായിരുന്നു ഇത്. ‘മുണ്ട് മുറുക്കി ഉടുക്കുക’ എന്ന പ്രയോഗം മലയാളത്തിലുമുണ്ട്. നന്നായി തയ്യാറെടുക്കുക എന്നതാണ് അര്‍ഥം. എന്നാല്‍, അതിലുപരിയായി അതിന് ആശയ വ്യാപ്തിയുണ്ട്. കുടുംബത്തോടൊപ്പം കഴിയുന്നത് ഉപേക്ഷിച്ച് ഇബാദത്തുകളില്‍ മുഴുകും എന്നാണത്.
കുടുംബത്തില്‍ നിന്ന് അകലം പാലിച്ച് ഇബാദത്തില്‍ മുഴുകിയിരുന്ന നബി(സ) രാത്രി മുഴുവന്‍ ഇബാദത്തില്‍ തന്നെയായിരിക്കും. കുടുംബത്തെയും ഇബാദത്തില്‍ പ്രേരിപ്പിക്കും. അലി(റ) പറയുന്നു: റമസാന്‍ മാസത്തിലെ അവസാനത്തെ പത്തില്‍ നബി(സ) സ്വകുടുംബത്തെ വിളിച്ചുണര്‍ത്തുമായിരുന്നു. (തുര്‍മുദി) നബി(സ)യും കുടുംബവും ഇബാദത്തിലായി കഴിഞ്ഞു.

ആദ്യ രണ്ട് ഭാഗങ്ങളായ ഇരുപത് ദിവസങ്ങളിലെ രാത്രികാലത്ത് നബി(സ) നിസ്‌കാരവും ഉറക്കവും നടത്തിയിരുന്നു. എന്നാല്‍, അവസാന പത്ത് എത്തിയാല്‍ കൂടുതല്‍ പരിശ്രമിക്കും; അരയുടുപ്പ് മുറുക്കി ഉടുക്കും (അഹ്മദ്) എന്ന് ആഇശ(റ) പറഞ്ഞിട്ടുണ്ട്. റമസാന്‍ മാസത്തില്‍ മുഴുവനായി
എല്ലാ രാത്രികളിലും ഉറക്കമൊഴിച്ച് ഇബാദത്ത് ചെയ്യുക എന്നതോ മുഴുവന്‍ ഭാഗവും ഇബാദത്താകും വിധം പള്ളിയില്‍ ഇഅ്തികാഫിരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍, അവസാനത്തെ പത്തില്‍ രാത്രി മുഴുവന്‍ ഇബാദത്തിലായി തന്നെയായിരുന്നു ചെലവഴിച്ചത്.
ഇഅ്തികാഫ്, ഖുര്‍ആന്‍ പാരായണം, നിസ്‌കാരം തുടങ്ങിയവയാണ് രാത്രി കാലങ്ങളില്‍ നടക്കുന്ന ഇബാദത്തുകള്‍. ഇതിലെല്ലാം നബി(സ)യുടെ മാതൃകയും പ്രോത്സാഹനവുമുണ്ട്. ആഇശ(റ) പറയുന്നു’ റമസാന്‍ മാസത്തിലല്ലാതെ ഒരു മാസം നോമ്പനുഷ്ഠിക്കുന്നതും പ്രഭാതം വരെ നിസ്‌കരിക്കുന്നതും ഖുര്‍ആന്‍ മുഴുവന്‍ ഒരു രാത്രി ഓതുന്നതുമായി നബി(സ)യെ ഞാന്‍ കണ്ടിട്ടില്ല.(അഹ്മദ്) അവിടുത്തെ റമസാന്‍ രാത്രികള്‍ നിസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലുമായിരുന്നു. മറ്റു മാസങ്ങളിലില്ലാത്തതായിരുന്നു ഇത്. രാത്രി മുഴുവന്‍ നിസ്‌കരിച്ചു എന്നും മുഴുവന്‍ ഖുര്‍ആന്‍ ഓതി എന്നും ഇതില്‍ നിന്ന് വരുന്നില്ല. രാത്രിയെ ഇബാദത്തിലായി മുഴുവന്‍ വിനിയോഗിച്ചിരുന്നത് റമസാന്‍ മാസത്തിലാണ് എന്ന് മാത്രമാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

രാത്രി ‘ഹയാത്താക്കുക’ അഥവാ, രാത്രി കാലത്ത് ഇബാദത്തുകളില്‍ വ്യാപൃതനാകുക എന്നത് നബി(സ)യുടെ റമസാന്‍ മാസത്തെ രീതിയായിരുന്നു. അവസാന പത്തിലായിരുന്നു അത് കൂടുതല്‍ കൃത്യതയോടെ അനുഷ്ഠിച്ചത്. പ്രബോധന ദൗത്യം നിര്‍വഹിക്കുന്നതിനിടക്ക് നബി(സ) അതിന് സമയം കണ്ടെത്തിയത് അതിന്റെ പ്രാധാന്യത്തെ കുറിക്കുന്നതാണ്. നബി(സ) നോമ്പല്ലാത്ത കാലത്ത് തന്നെ രാത്രി നിസ്‌കാരം വര്‍ധിപ്പിച്ചിരുന്നു എന്ന് ഹദീസില്‍ വന്ന വ്യക്തമായ കാര്യമാണ്. അതെ കുറിച്ച് നബി(സ) തന്നെ ഒരു ഘട്ടത്തില്‍ ‘ഞാന്‍ ഉറങ്ങാറുമുണ്ട്, നിസ്‌കരിക്കാറുമുണ്ട്’ എന്ന് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍,

അവസാനത്തെ പത്തിലേത് കൃത്യതയുള്ള സജീവതയായിരുന്നു. ‘റമസാന്‍ അവസാനത്തെ പത്ത് ദിനങ്ങളില്‍ നബി(സ) ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു’ (ബുഖാരി) എന്ന് ഇബ്‌നു ഉമര്‍(റ) പറഞ്ഞിട്ടുണ്ട്. തന്റെ ശിഷ്യനായ നാഫിഅ്(റ)ന് നബി(സ) ഇഅ്തികാഫിരുന്ന സ്ഥലം ഇബ്‌നു ഉമര്‍(റ) കാണിച്ചുകൊടുത്തിരുന്നു. (മുസ്‌ലിം) നബി(സ)യുടെ വിയോഗം വരെ എല്ലാ റമസാനിലും ഈ പത്ത് ദിനങ്ങളില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു എന്ന് ആഇശ(റ) പറഞ്ഞിട്ടുണ്ട്. എന്നാല്‍, അവിടുത്തെ അവസാന റമസാന്‍ മാസത്തില്‍ ഇത് ഇരുപത് ദിനങ്ങളായിരുന്നു. (ബുഖാരി) ലൈലത്തുല്‍ ഖദ്‌റെന്ന ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവിനെ ഉറപ്പായും ലഭിക്കുന്നതിന് വേണ്ടി കൂടിയായിരുന്നു അവസാനപത്ത് ഇതിനായി തിരഞ്ഞെടുത്തത്. അവസാന പത്തില്‍ നിങ്ങള്‍ക്ക് ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കാമെന്ന് നബി(സ) പറഞ്ഞിട്ടുള്ളതാണ്. അത് നേടുന്നതിനായി മറ്റു ചിന്തകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും അകന്ന് അല്ലാഹുവിന്റെ സ്മരണയിലും ഇബാദത്തിലുമായി കഴിയാന്‍ ഇഅ്തികാഫ് മുഖേന സാധിക്കും.
നബി(സ) പറയുന്നു: ഒന്നാമത്തെ പത്തില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് ഞാന്‍ ഇഅ്തികാഫിരുന്നു. പിന്നെ, ഞാന്‍ നടുവിലെ പത്തിലും ഇഅ്തികാഫിരുന്നു. പിന്നീട് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു, ലൈലത്തുല്‍ ഖദ്ര്‍ അവസാനത്തെ പത്തിലാണെന്ന്. അതിനാല്‍ നിങ്ങളില്‍ ഇഅ്തികാഫിരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇതില്‍ ഇഅ്തികാഫിരുന്നോളൂ. അങ്ങനെ ജനങ്ങള്‍ നബി(സ) തങ്ങള്‍ക്കൊപ്പം ഇഅ്കാഫിരുന്നു(മുസ്‌ലിം).
അവിടുന്ന് ഇഅ്തികാഫ് ഇരുന്നത് ചാക്ക് കൊണ്ട് നിര്‍മിച്ച ഒരു കൂടാരത്തിലായിരുന്നു. അതിന്റെ പ്രവേശന കവാടത്തില്‍ ഒരു പായ തൂക്കിയിരുന്നു. ആ പായ നീക്കി തല പുറത്തേക്കിട്ടാണ് നബി(സ) ജനങ്ങളോട് സംസാരിച്ചിരുന്നത്(ഇബ്‌നുമാജ) എന്ന് അബൂസഈദ്(റ) പറഞ്ഞിരിക്കുന്നു.
ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് മറ്റു ജോലികളെല്ലാം നിര്‍ത്തിവെച്ച് മനസ്സിനെ പൂര്‍ണമായും ഭൗതിക കാര്യങ്ങളില്‍ നിന്ന് മുക്തമാക്കി ദിക്‌റിലും ദുആഇലുമായി നാഥന്റെ മുനാജാത്ത്(അഭിമുഖസംഭാഷണം) നടത്തുന്നതിനായി മാറിനിന്ന് നബി(സ) ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു. ജനങ്ങളില്‍ നിന്നകന്ന് ഒരു പായ വിരിക്കപ്പുറത്ത് മറഞ്ഞിരുന്ന നബി(സ)ജനങ്ങളുമായി ഇടപഴകുകയോ അവരുമായി ജോലിയാകുകയോ ചെയ്തിരുന്നില്ല. (ലത്വാഇഫുല്‍ മആരിഫ്)