യു പിയില്‍ വഖ്ഫ് ബോര്‍ഡുകള്‍ പിരിച്ചു വിടുന്നു

Posted on: June 15, 2017 11:37 pm | Last updated: June 16, 2017 at 10:57 am

ലക്‌നോ: ഉത്തര്‍ പ്രദേശിലെ ശിയാ, സുന്നി വഖ്ഫ് ബോര്‍ഡുകള്‍ പിരിച്ചുവിടുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അഴിമതി ആരോപിച്ചാണ് നടപടി. ബോര്‍ഡുകള്‍ പിരിച്ചു വിടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി വഖ്ഫ്കാര്യ സഹമന്ത്രി മുഹാസിനാ റാസ പറഞ്ഞു. എല്ലാ നിയമവശങ്ങളും പരിഗണിച്ചാകും പിരിച്ചുവിടല്‍ പ്രക്രിയ തുടങ്ങുകയെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട് ശിയാ, സുന്നി ബോര്‍ഡുകള്‍ക്കെതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇതാണ് ഇത്തരമൊരു നടപടിക്ക് സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്നും മന്ത്രി വിശദീകരിച്ചു. വഖ്ഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും പരിഗണിച്ചിട്ടുണ്ട്.

ശിയാ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റസ്‌വിയുടേയും സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാറിലെ വഖ്ഫ് മന്ത്രി അഅ#്‌സം ഖാന്റെയും ഭാഗത്ത് വീഴ്ചയുണ്ടായെന്ന് വഖ്ഫ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സമാജ്‌വാദി പാര്‍ട്ടി ദയനീയ പരാജയം ഏറ്റുവാങ്ങിയ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് പതിനഞ്ച് ദിവസം പിന്നിട്ടപ്പോഴാണ് പാര്‍ട്ടിക്ക് മറ്റൊരു അടിയായി കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത്. യു പിയുടെയും ഝാര്‍ഖണ്ഡിന്റെയും വഖ്ഫ് ബോര്‍ഡുകളുടെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന സയ്യിദ് ഇജാസ് അബ്ബാസ് നഖ്‌വിയുടെ അധ്യക്ഷതയിലുള്ള വസ്തുതാന്വേഷണ സംഘമാണ് ക്രമക്കേടുകള്‍ അന്വേഷിച്ചത്. നിരവധി പരാതികള്‍ ലഭിച്ച ശേഷമാണ് സംഘത്തെ നിയോഗിച്ചതെന്ന് കേന്ദ്ര വഖ്ഫ് കൗണ്‍സില്‍ വൃത്തങ്ങള്‍ പറയുന്നു.
മൗലാന് ജൗഹര്‍ അലി എജ്യുക്കേഷന്‍ ട്രംസ്റ്റ് രൂപവത്കരിച്ച് അഅ#്‌സം ഖാന്‍ വഖ്ഫ് ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചുവെന്നതാണ് പ്രധാന ആരോപണം. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവവുമാണ് അഅ#്‌സം ഖാന്‍ പറയുന്നു.