Kerala
നഴ്‌സുമാരുടെ മിനിമം വേതനം: 27ന് അന്തിമരൂപം നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ഈ മാസം 27ന് രാവിലെ 11 മണിക്ക് ലേബര്‍ കമ്മീഷണറേറ്റില്‍ ചേരുന്ന യോഗത്തില്‍ അന്തിമ രൂപം നല്‍കുമെന്ന് ലേബര്‍ കമ്മീഷണര്‍ കെ ബിജു അറിയിച്ചു. ഇതേ ലേബര്‍ കമ്മീഷണറേറ്റില്‍ നടന്ന യോഗത്തിനു ശേഷം വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്റെ ചേംബറില്‍ നടത്തിയ ചര്‍ച്ചയിലാണ് വേതനം പുതുക്കി നിശ്ചയിക്കുന്നതിന് അന്തിമ രൂപം നല്‍കാന്‍ 27ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത്.
മാനേജ്‌മെന്റും നഴ്‌സിംഗ് യൂനിയനുകളും തങ്ങളുടെ നിലപാട് 27ന് രേഖാമൂലം അറിയിക്കണം. മിനിമം വേതന അഡൈ്വസറി ബോര്‍ഡ് ഇത് പരിഗണിക്കുകയും ആക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. തുടര്‍ന്ന് ഇത് സര്‍ക്കാറിന്റെ അന്തിമ പരിഗണനക്ക് സമര്‍പ്പിക്കും. വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള അന്തിമരൂപം നല്‍കുന്ന ചര്‍ച്ചക്ക് മുന്നോടിയായി ഇരു വിഭാഗങ്ങളും നിലപാടുകളില്‍ വിട്ടുവീഴ്ചക്ക് തയാറാകണം. 27ന് വീണ്ടും ചര്‍ച്ച വെച്ചിരിക്കുന്ന സാഹചര്യത്തില്‍ നഴ്‌സിംഗ് യൂനിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും കമ്മീഷണര്‍ സംഘടനാ പ്രതിനിധികളോട് ആവശ്യപ്പെട്ടു.