ഷാര്‍ജ പോലീസ് ആസ്ഥാനത്ത് റമസാന്‍ ആദ്യത്തെ രണ്ട് വാരത്തില്‍ ലഭിച്ചത് 45,000 കോളുകള്‍

Posted on: June 15, 2017 8:12 pm | Last updated: June 15, 2017 at 8:12 pm

ഷാര്‍ജ: റമസാന്‍ ആദ്യ 15 ദിവസങ്ങളില്‍ ഷാര്‍ജ പോലീസ് ആസ്ഥാനത്ത് എത്തിയത് 45,000 ഫോണ്‍ വിളികള്‍. യാചകരെ കുറിച്ചും ഫോണിലൂടെ വ്യാജ ലോട്ടറി സന്ദേശം പരത്തുന്നവരെ കുറിച്ചുമാണ് വിളികളിലേറെയും എത്തിയത്. അത്യാവശ്യവും അടിയന്തിര ഘട്ടത്തിലും പോലീസ് ഹെല്‍പ് ലൈന്‍ നമ്പറായ 999 മാത്രം വിളിക്കുക. അടിയന്തിരമല്ലാത്ത കാര്യങ്ങള്‍ക്കായി 901 എന്ന നമ്പറില്‍ വിളിക്കണമെന്നും ഷാര്‍ജ പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ റൂം ഡയറക്ടര്‍ ജനറല്‍ ലഫ് കേണല്‍ ജാസിം ബിന്‍ ഹദ പറഞ്ഞു.

അറബി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് കോള്‍ സെന്ററിലേക്കെത്തിയ ഫോണ്‍ വിളികള്‍ക്ക് മറുപടി നല്‍കിയത്. ഏതു അടിയന്തിര ഘട്ടത്തെ കൈകാര്യം ചെയ്യുന്നതിനും പരിഹാര നടപടികള്‍ കൈകൊള്ളുന്നതിനും ഷാര്‍ജ പോലീസ് സേനാംഗങ്ങള്‍ വിദഗ്ധ പരിശീലനം നേടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 999 ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് 40,337 അടിയന്തിര ഫോണ്‍ വിളികളാണ് ലഭിച്ചത്. നഗരത്തിലെ യാചകരെ കുറിച്ചും ഫോണിലൂടെ അശ്ലീലമായി സംസാരിച്ചതിനെ കുറിച്ചും ഗതാഗത നിയമ ലംഘകരെ കുറിച്ചും പരാതികള്‍ അറിയിക്കുന്നതിനാണ് ഫോണ്‍ വിളികളേറെയും. 901 നമ്പറിലേക്ക് 5,571 ഫോണ്‍ വിളികളാണ് എത്തിയത്,അദ്ദേഹം വ്യക്തമാക്കി.