കൊച്ചി മെട്രോ: രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ ശ്രീധരന്‍

Posted on: June 15, 2017 10:38 am | Last updated: June 15, 2017 at 12:54 pm

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡി.എം.ആര്‍.സിയും പങ്കാളികളാകില്ലെന്ന് മുഖ്യഉപദേശകന്‍ ഇ.ശ്രീധരന്‍. രണ്ടാം ഘട്ടം തനിച്ച് ചെയ്യുന്നതിന് കെ.എം.ആര്‍.എല്‍ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രോ സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ പരാതിയില്ല. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. സുരക്ഷാ ഏജന്‍സി എന്താണ് പറയുന്നത് അതുപോലെ ചെയ്യണം. സംഭവം വിവാദമാക്കേണ്ട കാര്യമില്ല. ക്ഷണിച്ചാല്‍ വേദിയിലുണ്ടാകും.

കൊച്ചി മെട്രോ പദ്ധതി പ്രത്യേകിച്ച് വെല്ലുവിളി ഒന്നും ആയിരുന്നില്ല. ഏത് പദ്ധതിക്കും അതിന്റേതായ വെല്ലുവിളികള്‍ ഉണ്ടാകാം. അതൊക്കെ തരണം ചെയ്ത് മുന്നോട്ട് പോകുകയാണ് വേണ്ടത്. മെട്രോ പദ്ധതി യാഥാര്‍ഥ്യമാകുന്നതില്‍ സന്തോഷമുണ്ട്.

രാവിലെ എട്ട് മണിയോടെയാണ് അദ്ദേഹം സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയത്. പാലാരിവട്ടം മുതല്‍ ആലുവ വരെയുള്ള മെട്രോ സ്‌റ്റേഷനുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. കെ.എം.ആര്‍.എല്‍ അധികൃതരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.