Connect with us

Kerala

ദേശീയപാതയോരത്തെ മദ്യശാല: സര്‍ക്കാറിനെ തിരുത്തി വീണ്ടും കോടതി

Published

|

Last Updated

സംസ്ഥാനത്തെ ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തടയിട്ട് ഹൈക്കോടതി. കണ്ണൂര്‍- കുറ്റിപ്പുറം ദേശീയപാതയോരത്തെ ബാറുകള്‍ തുറക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹരജി തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ ഇടപടല്‍. മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും തൃശൂര്‍ ഡി സി സി അധ്യക്ഷന്‍ ടി എന്‍ പ്രതാപനുമാണ് റിവ്യൂ ഹരജി നല്‍കിയത്.
13 ബാറുകള്‍ തുറന്നത് ദൗര്‍ഭാഗ്യകരമായ നിലപാടാണെന്നും സുപ്രീം കോടതി വിധി ലംഘിക്കുന്ന സാഹചര്യം ഒരുക്കാന്‍ പാടില്ലായിരുന്നുവെന്നും നിരീക്ഷിച്ച കോടതി ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ ബാറുകള്‍ നിരോധിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കാനാകില്ലെന്നും വ്യക്തമാക്കി.

കണ്ണൂര്‍- കുറ്റിപ്പുറം, ചേര്‍ത്തല- തിരുവനന്തപുരം പാതകള്‍ ദേശീയപാതകള്‍ തന്നെയാണെന്ന് സംസ്ഥാന സര്‍ക്കാറിന് അറിയാമായിരുന്നു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ വിശദാംശങ്ങള്‍ കൈയിലിരിക്കെ കണ്ണൂര്‍- കുറ്റിപ്പുറം പാതയില്‍ എന്തിനാണ് ബാറുകള്‍ തുറന്നതെന്ന് കോടതി ചോദിച്ചു. കോടതിയുടെ മുന്‍വിധിയിലെ വാചകങ്ങളും നിരീക്ഷണങ്ങളും ദുര്‍വ്യാഖ്യാനം ചെയ്താണ് ബാറുകള്‍ തുറന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒപ്പം ദേശീയ പാത അതോറിറ്റിയുടെ ഉത്തരവ് തെറ്റായി വ്യാഖാനിച്ച് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണണര്‍മാരെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇവരെ ഇന്നലെ കോടതി നേരിട്ട് വിളിച്ചുവരുത്തി വിശദീകരണവും തേടിയിരുന്നു.

കണ്ണൂര്‍- കുറ്റിപ്പുറം പാത ദേശീയപാതയെന്ന് കോടതിയെ അറിയിച്ച പൊതുമരാമത്ത് വകുപ്പ് ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് തെറ്റായിപ്പോയെന്ന് ഹൈക്കോടതിയില്‍ ഏറ്റുപറഞ്ഞിരുന്നു. സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റിവ്യൂ ഹരജികള്‍ വീണ്ടും പരിഗണിച്ചത്.

Latest