തമിഴ്‌നാട് നിയമസഭയില്‍ പ്രതിഷേധം; സ്റ്റാലിന്‍ അറസ്റ്റില്‍

Posted on: June 14, 2017 3:28 pm | Last updated: June 14, 2017 at 8:45 pm

ചെന്നൈ: വിശ്വാസവോട്ട് അനുകൂലമാക്കാന്‍ എംഎല്‍എമാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.
ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷ കക്ഷികളായ ഡിഎംകെ എംഎല്‍എമാരെ സഭയില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ. എംഎല്‍എമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയതിന് സ്റ്റാലിനെടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരിയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനായി പണം നല്‍കുന്ന വീഡിയോ കഴിഞ്ഞ ദിവസം സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. ഇത് സംബന്ധിച്ച് സഭയില്‍ചര്‍ച്ച നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. തുടര്‍ന്ന് സ്റ്റാലിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ നിയമസഭയില്‍ ബഹളം വെക്കുകയായിരുന്നു.