മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരനും പ്രതിപക്ഷ നേതാവിനും ഇടമില്ല

Posted on: June 14, 2017 2:16 pm | Last updated: June 14, 2017 at 9:48 pm

ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍  മെട്രോമാന്‍ ഇ ശ്രീധരന് ഇടമില്ല. പ്രതിപക്ഷ നേതാവിനെയും ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നാല് പേര്‍ക്ക് മാത്രമാണ് വേദിയില്‍ ഇരിപ്പിടമുണ്ടാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരാണ് വേദിയില്‍ ഉണ്ടാകുക.

13 പേരുടെ പട്ടികയാണ്  പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയത്. എന്നാല്‍, സുരക്ഷാ പ്രശ്‌നങ്ങളാല്‍ ഇവരെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. മെട്രോയുടെ മുഖ്യ ഉപദേശകനായ ഇ ശ്രീധരന് പുറമേ, കെഎംആര്‍എല്‍. എംഡി ഏലിയാസ് ജോര്‍ജ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, പിടി തോമസ് എം എല്‍ എ എന്നിവരാണ് വേദിയില്‍ നിന്ന് ഒഴിവാക്കപ്പെടുക.

വേദിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പരാതി ഇല്ലെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു. കേന്ദ്രത്തിന്റെ പട്ടികയില്‍ ഇല്ലാത്തതില്‍ അസ്വഭാവികത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.