Connect with us

Ongoing News

യുവിക്ക് നാളെ 300 തികയും

Published

|

Last Updated

ലണ്ടന്‍: ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ നാളെ ഇന്ത്യ രണ്ടാംസെമിയില്‍ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ യുവരാജ് സിംഗ് കരിയറിലെ വലിയൊരു നാഴികക്കല്ലിലെത്തിയിരിക്കും. ഏകദിന ക്രിക്കറ്റില്‍ മുന്നൂറ് മത്സരം കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാകും യുവരാജ്. 463 ഏകദിന മത്സരങ്ങള്‍ കളിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. രാഹുല്‍ ദ്രാവിഡ് (340), മുഹമ്മദ് അസ്ഹറുദ്ദീന്‍ (334), സൗരവ് ഗാംഗുലി(308) എന്നിവരാണ് യുവിക്ക് മുമ്പെ മുന്നൂറ് ക്ലബ്ബില്‍ അംഗമായത്.
മുപ്പത്തഞ്ച് വയസിലെത്തി നില്‍ക്കുന്ന യുവരാജ് അരങ്ങേറ്റം മുതല്‍ക്ക് ഇന്ത്യന്‍ ഏകദിന ടീമിന്റെ നെടുംതൂണാണ്. 2011 ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയത് യുവിയുടെ ആള്‍ റൗണ്ട് മികവിലായിരുന്നു. ലോകകപ്പിന്റെ താരമായത് യുവരാജായിരുന്നു. നെയ്‌റോബിയില്‍ ഐ സി സി നോക്കൗട്ട് ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലിലെത്തിയത് യുവിയുടെ മാസ്മരിക പ്രകടനത്തിലായിരുന്നു.
2000ത്തില്‍ കെനിയക്കെതിരെയാണ് യുവരാജ് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയത്. ആദ്യ കളിയില്‍ ബാറ്റ് ചെയ്യാനവസരമുണ്ടായില്ല. രണ്ടാം മത്സരത്തില്‍ ആസ്‌ത്രേലിയക്കെതിരെ 80 പന്തില്‍ 84 റണ്‍സടിച്ച് ഇന്ത്യക്ക് ജയമൊരുക്കി.
2003 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ നോക്കൗട്ടില്‍ പുറത്താകാതെ ഫിഫ്റ്റി നേടിയതും 2002 ചാമ്പ്യന്‍സ് ട്രോഫി സെമി ഫെനലില്‍ 72 പന്തില്‍ നേടിയ 62 റണ്‍സിനും 2002 ലോഡ്‌സില്‍ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലില്‍ നേടിയ 69 റണ്‍സിനും പകരം വെക്കാനില്ല. 2006 ല്‍ പാക്കിസ്ഥാനെതിരായ പരമ്പരയില്‍ 82*, 79*, 107* മൂന്ന് നോട്ടൗട്ട് പ്രകടനങ്ങള്‍.
2011 ലോകകപ്പില്‍ യുവി കരിയറിലെ ഔന്നത്യത്തിലെത്തി. ടൂര്‍ണമെന്റില്‍ 90.50 ആവറേജില്‍ 362 റണ്‍സും പതിനഞ്ച് വിക്കറ്റും നേടിയ യുവരാജ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി.
ഈ വര്‍ഷം ജനുവരിയില്‍ യുവരാജ് ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിക്കൊണ്ട് കരിയര്‍ വീണ്ടെടുത്തു. 127 പന്തില്‍ 150 റണ്‍സടിച്ച യുവി കരിയര്‍ ബെസ്റ്റ് സ്‌കോര്‍ കണ്ടെത്തി. ഈ പ്രകടനമാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ യുവരാജിന് ഇടം ഉറപ്പാക്കിയത്. പാക്കിസ്ഥാനെതിരെ ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ 32 പന്തില്‍ 53 റണ്‍സടിച്ച് മാന്‍ ഓഫ് ദ മാച്ചായി.

Latest