വാട്‌സ്ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന യുവാവ് പിടിയില്‍; നിരവധി സ്ത്രീകളെ കബളിപ്പിച്ചതായി പോലീസ്

Posted on: June 14, 2017 1:40 pm | Last updated: June 14, 2017 at 1:40 pm

നാദാപുരം: വാട്‌സ്ആപ്പ് ചാറ്റിംഗിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് കെണിയില്‍പ്പെടുത്തി പണം തട്ടുന്ന യുവാവിനെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു. നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ ദേവാര്‍ഷോലൈ രണ്ടാം വാര്‍ഡ് സ്വദേശി അന്‍ഷാദ് (20)ആണ് പോലീസ് പിടിയിലായത്.
സംഭവത്തെ കുറിച്ച് പരാതി നല്‍കിയവരുടെ ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ. കുമ്മംങ്കോട് സ്വദേശിയായ യുവതിയുമായി അന്‍ഷാദ് സൗഹൃദം സ്ഥാപിച്ചു. രണ്ടു പേരും പരസ്പരം ഫോട്ടോകള്‍ കൈമാറി. ഫോട്ടോ എഡിറ്റിംഗ് ചെയ്ത് തന്റെ ഫോട്ടോ ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പണം നല്‍കണമെന്നാശ്യപ്പെട്ട് യുവതിക്ക് വാട്‌സ്ആപ്പ് വഴി യുവതിക്ക് അക്കൗണ്ട് നമ്പര്‍ നല്‍കി. സംഭവമറിഞ്ഞ ഭര്‍ത്താവ് നാദാപുരം പോലീസില്‍ പരാതി നല്‍കി . എസ് ഐ. എന്‍ പ്രജീഷിന്റെ നിര്‍ദേശാനുസരണം യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ഇന്നലെ രാവിലെ പണം തരാമെന്ന വ്യാജേന കല്ലാച്ചിയില്‍ വിളിച്ചു വരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു
ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും പ്രത്യേക ഫയലില്‍ ഒളിപ്പിച്ച നൂറിലേറെ യുവതികളുടെ ഫോട്ടോകളും മൊബൈല്‍ ഫോണ്‍ നമ്പറുകളും പോലീസ് പിടിച്ചെടുത്തു. നിരവധി യുവതികളെ യുവാവ് ചതിയില്‍പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് പ്രാഥമികമായി പോലീസിന് ലഭിക്കുന്ന വിവരം. ഐ ടി ആക്ട് പ്രകാരം ആള്‍മാറാട്ടം, ഭീഷണിപെടുത്തല്‍, വഞ്ചന ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കുറ്റം ചുമത്തി കേസെടുക്കും.പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.