Connect with us

Gulf

ട്രംപിനെതിരെ രൂക്ഷ വിമര്‍ശവുമായി ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ

Published

|

Last Updated

ഖത്വർ എയർവേയ്സ് സി ഇ ഒ അക്ബർ അൽ ബാകിർ

ദോഹ: ട്രംപിനെ സുഹൃത്തായി കാണാനാകില്ലെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ അഭിപ്രായപ്പെട്ടു. നീതിയുക്തമല്ലാതെ രാജ്യത്തിനെതിരു നില്‍ക്കുന്നയാളെ സുഹൃത്തായി കാണാനാല്ല. അമേരിക്കന്‍ നേതൃത്വത്തെക്കുറിച്ച് നിരാശയുണ്ട് എന്നും അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
അമേരിക്കന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മാത്രമാണ് നേരത്തേ അദ്ദേഹത്തെ അനുകൂലിച്ച് സംസാരിച്ചതെന്ന് ട്രംപ് സുഹൃത്തായിരുന്നല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പഞ്ഞു. വേലിക്കപ്പുറത്ത് രാജ്യത്തിനെതിരായി നില്‍ക്കുന്നയാളുടെ സുഹൃത്തായിരിക്കാന്‍ ആകില്ല.
ചിലര്‍ വളരെ ഉയരത്തിലുള്ള മരത്തില്‍ ചാടിക്കയറിയിരിക്കുകയാണ്. അതില്‍ നിന്നിറങ്ങുമ്പോള്‍ തീര്‍ച്ചയായും അവര്‍ക്ക് പരുക്കേല്‍ക്കും. എന്റെ രാജ്യം തളരാതെ മുന്നോട്ടു പോകും. ധാര്‍മികമായി ഉന്നതിയില്‍ നില്‍ക്കുന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. മറ്റുള്ളവര്‍ ചെയ്തതു പോലെ ഞങ്ങള്‍ പ്രതികരിച്ചില്ല. ഇമാറാത്തികള്‍ക്കും സഊദികള്‍ക്കും ഈജിപ്ഷ്യന്‍മാര്‍ക്കും ഇവിടെ സമാധാനത്തോടെ ജീവിക്കാം. എമിറേറ്റ്‌സിനും ഇത്തിഹാദിനും സഊദി എയര്‍ലൈന്‍സിനും ഈജിപ്ത് എയറിനും ഇവിടെ ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കാം. രാജ്യത്തിന് നേതൃത്വം നല്‍കുന്നത് വിവേകമുള്ള ഭരണാധികാരികളായതിനാലാണ് ഇതൊക്കെ സംഭവിക്കുന്നത്.
ഉപരോധത്തിലൂടെ ഖത്വര്‍ എയര്‍വെയ്‌സിന് വലിയ ആഘാതമൊന്നും ഏല്‍ക്കില്ലെന്ന് അക്ബര്‍ അല്‍ ബാകിര്‍ അവകാശപ്പെട്ടു. യു എ ഇ, സഊദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള വ്യോമ ഗതാഗതം വിലക്കിയതിലൂടെ 18 റൂട്ടുകളാണ് ഖത്വര്‍ എയര്‍വെയ്‌സിന് നഷ്ടപ്പെട്ടത്. എന്നാല്‍, 24 പുതിയ റൂട്ടുകളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതായി തങ്ങള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആവശ്യത്തിന് വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ അത് വൈകുകയായിരുന്നു. ഇപ്പോള്‍ 18 റൂട്ടുകള്‍ ഒഴിവായതോടെ ആ വിമാനങ്ങള്‍ പുതിയ ലക്ഷ്യങ്ങളിലേക്ക് റീറൂട്ട് ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധി വേഗം അവസാനിച്ചാലും ജനങ്ങളുടെ മനസ്സിലുണ്ടായ മുറിവ് എളുപ്പത്തിലൊന്നും മായില്ല. കുടുംബങ്ങളെ ഭിന്നിപ്പിച്ചതും പ്രിയപ്പെട്ടവരെ അകറ്റിയതും സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ നീക്കം ചെയ്തതതും ജനം അത്ര എളുപ്പത്തില്‍ മറക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.