കര്‍ഷകരെ കൈവിട്ട് കേന്ദ്രം

Posted on: June 14, 2017 6:44 am | Last updated: June 13, 2017 at 11:57 pm

വരള്‍ച്ച, ഉത്പാദന മാന്ദ്യം തുടങ്ങി കര്‍ഷക വൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുപരി തത്വദീക്ഷയില്ലാത്ത ഇറക്കുമതി, വായ്പയും സബ്‌സിഡിയും വെട്ടിക്കുറക്കല്‍, നോട്ട് നിരോധനം തുടങ്ങി സര്‍ക്കാറിന്റെ വികല നയങ്ങളാണ് രാജ്യത്തെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയതും പ്രക്ഷോഭത്തിന്റെ മാര്‍ഗങ്ങളിലേക്ക് തിരിച്ചതും. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളുടെ ഈ അടിസ്ഥാന കാരണങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന മോദി സര്‍ക്കാര്‍ ഇപ്പോള്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന സംസ്ഥാന സര്‍ക്കാറുടെ നിലപാടിനെയും നിരുത്സാഹപ്പെടുത്തുകയാണ്. എഴുതിത്തള്ളുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒരു സംസ്ഥാനത്തിനും സഹായം അനുവദിക്കില്ലെന്നും അങ്ങനെ തീരുമാനിക്കുന്നവര്‍ അതിനുള്ള പണം സ്വന്തമായി കണ്ടെത്തണമെന്നുമാണ് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ജയ്റ്റ്‌ലി ഭീഷണിപ്പെടുത്തിയത്. മഹാരാഷ്ട്ര സര്‍ക്കാര്‍ 1.36 കോടി കര്‍ഷകരുടെ കാര്‍ഷികവായ്പ എഴുതി തള്ളാന്‍ തീരുമാനിച്ചിരിക്കെ കേന്ദ്രം ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴായിരുന്നു കര്‍ഷകരെ കൈയൊഴിഞ്ഞു കൊണ്ടുള്ള മന്ത്രിയുടെ പ്രതികരണം.

കര്‍ഷകര്‍ രാജ്യമെമ്പാടും പ്രക്ഷോഭത്തിലാണ്. തമിഴ്‌നാട്ടിലെ കര്‍ഷകരാണ് സമരത്തിന് തുടക്കമിട്ടത്. മധ്യപ്രദേശ്, രാജസ്ഥന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കു ഇത് വ്യാപിച്ചു. കാര്‍ഷിക വായ്പ എഴുതിത്തള്ളുക, വരള്‍ച്ച ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക, വിളകള്‍ക്ക് മതിയായ വില ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. പെട്ടെന്നുണ്ടായ പ്രതിഭാസമല്ല കര്‍ഷക ഇന്ത്യ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കടുത്ത വരള്‍ച്ചയാണ് രാജ്യം നേരിട്ടത്. ഇത് വിളയിറക്കലിനെയും ഉത്പാദനത്തെയും സാരമായി ബാധിച്ചു. പഞ്ചസാര, ചെറിയ ഉള്ളി, ചായപ്പൊടി തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് അടുത്ത കാലത്തുണ്ടായ വിലവര്‍ധനവിന്റെ കാരണമിതാണ്. വരള്‍ച്ചയുടെ ദുരിതം കര്‍ഷകര്‍ അനുഭവിച്ചു കൊണ്ടിരിക്കെയാണ് ഇടിത്തീ പോലെ നോട്ട് നിരോധനം അവരുടെ തലയില്‍ വന്നുവീഴുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഖാരിഫ് വിളവെടുപ്പ് ആരംഭിക്കുന്നത് നവംബറിലാണ്. കര്‍ഷകര്‍ പലരില്‍ നിന്നായി പലിശക്ക് വാങ്ങിയും മുന്‍കൂര്‍ നിശ്ചയിച്ച കരാറിലൂടെയുമാണ് കാര്‍ഷികാവശ്യത്തിനുള്ള ധനം കണ്ടെത്തുന്നത്. വിളവെടുപ്പ് നടത്തി ഉത്പന്നങ്ങള്‍ വിറ്റുവേണം കടം വീട്ടാനും അവശേഷിക്കുന്നത് കൊണ്ട് കുടുംബം നിവൃത്തിക്കാനും. ഈ ഘട്ടത്തിലാണ് പ്രധാനമന്ത്രി നോട്ട് നിരോധ പ്രഖ്യാപനം നടത്തിയത്. ഇതോടെ ഖാരിഫ് വിളയുല്‍പ്പന്നങ്ങള്‍ വില്‍ക്കാനാകാതെ വന്നു. നെല്ല്, ഗോതമ്പ്, ബാര്‍ലി, തുടങ്ങിയ ധാന്യങ്ങളും പയര്‍വര്‍ഗങ്ങള്‍, സോയാബീന്‍, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിവയും പഴവര്‍ഗങ്ങളും പച്ചക്കറികളും ലക്ഷക്കണക്കിന് ടണ്‍ കെട്ടിക്കിടന്ന് നശിച്ചു. നിരവധി കര്‍ഷകര്‍ കടം തിരിച്ചടക്കാന്‍ നിവൃത്തിയില്ലാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആത്മഹത്യ ചെയ്തു.

കാര്‍ഷികാവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കാലികളുടെ വില്‍പന നിരോധിച്ച നടപടിയും ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. സാധാരണ മൂന്ന് മുതല്‍ പത്ത് വയസ്സ് വരെയാണ് പശു, എരുമ പോലുളള കാലികള്‍ പാല്‍ ചുരത്തുന്നത്. പാല്‍ ഉത്പാദന ഘട്ടം കഴിയുന്നതോടെ ആദായമില്ലാതായി തീരുന്ന മൃഗങ്ങളെ അറവുകാര്‍ക്ക് വിറ്റു കിട്ടുന്ന പണം ഉപയോഗിച്ചാണ് കര്‍ഷകര്‍ പുതിയ പശുവിനെ വാങ്ങുന്നത്. ആ മാര്‍ഗം അടഞ്ഞതോടെ പുതിയ പശുവിനെ വാങ്ങാന്‍ കഴിയാതെ വരും. പാല്‍ വറ്റിയ മൃഗത്തെ വളര്‍ത്താനുള്ള ചിലവും കണ്ടെത്തണം. രാജ്യത്തെ കര്‍ഷകരില്‍ 30 ശതമാനത്തിന്റെ വരുമാനമാര്‍ഗം കന്നുകാലി വളര്‍ത്തലാണ്. ഭരണ തലത്തിലെ വീണ്ടു വിചാരമില്ലാത്ത നയങ്ങള്‍ വരുത്തി വെക്കുന്ന ദുരിതത്തിന് പരിഹാരമുണ്ടാക്കാനും സഹായം ചെയ്യാനും സര്‍ക്കാറിന് ബാധ്യതയില്ലേ? സംസ്ഥാനങ്ങളില്‍ നിന്നുള്ള നികുതി വരുമാനം ഉപയോഗിച്ചാണ് കേന്ദ്രം ആശ്വാസങ്ങളും സഹായങ്ങളും നല്‍കുന്നതന്നിരിക്കെ മന്ത്രി ജയ്റ്റ്‌ലിയുടെ നിലപാട് രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ മാനിക്കാത്തതാണ്.
സര്‍ക്കാറിനെയും കോടതിയെയും കബളിപ്പിച്ചു ബ്രിട്ടനിലേക്ക് കടന്നുകളഞ്ഞ വിജയ്മല്യയുടേത് ഉള്‍പ്പെടെ 7016 കോടി രൂപയുടെ കടങ്ങളാണ് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയോടെ രാജ്യത്തെ ബേങ്കുകള്‍ എഴുതിത്തള്ളിയത്. വന്‍പണക്കാരുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്ന സംഖ്യയുടെ തോതും വര്‍ഷം തോറും വര്‍ധിച്ചു വരികയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. എന്നിട്ടാണിപ്പോള്‍ പ്രതികൂല സാഹചര്യവും സര്‍ക്കാറിന്റെ വികല നയങ്ങളും കാരണം ദുരിതത്തിലായ കര്‍ഷകരുടെ കടങ്ങള്‍ വിട്ടുകൊടുക്കുന്ന സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനത്തോട് കേന്ദ്രം പുറം തിരിഞ്ഞു നില്‍ക്കുന്നത്.