റോഹിംഗ്യന്‍ വിഷയത്തിലെ മൗനം; മ്യാന്മറിലെ യു എന്‍ വക്താവിനെ നീക്കി

Posted on: June 13, 2017 11:08 pm | Last updated: June 13, 2017 at 11:08 pm

വാഷിംഗ്ടണ്‍: റോഹിംഗ്യന്‍ വിഷയത്തില്‍ കുറ്റകരമായ മൗനം പാലിക്കുകയും അക്രമികള്‍ക്ക് സഹായം നല്‍കുന്ന മ്യാന്മര്‍ സര്‍ക്കാറിന്റെ നിലപാടുകളെ വിമര്‍ശിക്കാതിരിക്കുകയും ചെയ്ത യു എന്‍ വക്താവിനെ പുറത്താക്കി. മ്യാന്മറിലെ ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി ലോക് ഡെസല്ലിയനെയാണ് നീക്കിയത്. റോഹിംഗ്യന്‍ വിഷയത്തില്‍ ഇരകള്‍ക്കൊപ്പമോ മനുഷ്യാവകാശത്തിനൊപ്പമോ നില്‍ക്കാതെ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതാണ് ലോക്കിനെതിരെ നടപടി സ്വീകരിക്കാന്‍ ഐക്യരാഷ്ട്ര സഭയെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം പതിനായിരക്കണക്കിന് റോഹിംഗ്യന്‍ മുസ്‌ലിംകളുടെ പലായനത്തിനും ആയിരക്കണക്കിന് പേരുടെ കൊലപാതകത്തിനും കാരണമായ ആക്രമണങ്ങള്‍ അരങ്ങേറിയിട്ടും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കാനേഡിയന്‍ പൗരയായ ലോക്കിന് ഇതുവരെയായിട്ടും സാധിച്ചിട്ടില്ല.

റോഹിംഗ്യന്‍ അഭയാര്‍ഥികളെയും ക്രൂരമായ വംശഹത്യാ ആക്രമണങ്ങള്‍ നടന്ന സ്ഥലങ്ങളെയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംഭവം വിശദീകരിക്കാനോ പത്രകുറിപ്പ് നല്‍കാനോ ഡെസല്ലിയന തയ്യാറായിരുന്നില്ല. ഈ സമയം തന്നെ റോഹിംഗ്യന്‍ വംശജരെ കൂട്ടമായി കൊന്നൊടുക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന മ്യാന്മര്‍ സര്‍ക്കാറിനും സൈന്യത്തിനും ഇവര്‍ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

മ്യാന്മറിനെതിരായ ഐക്യരാഷ്ട്ര സഭാ നടപടി ലഘൂകരിക്കാനും ലോക് ഇടപെട്ടിട്ടുണ്ട്. മനുഷ്യാവകാശം സംരക്ഷിക്കണമെന്നോ റോഹിംഗ്യക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നോ ഉത്തരവാദപെട്ട സ്ഥാനത്തിരുന്നിട്ടും ലോക് ആവശ്യപ്പെട്ടിരുന്നില്ല.