Connect with us

Editorial

കൊച്ചിയിലെ കടല്‍ ദുരന്തം

Published

|

Last Updated

കൊച്ചി പുതുവൈപ്പിന് സമീപം മൂന്ന് പേര്‍ മരിക്കാനിടയായ ബോട്ട് അപകടത്തോടെ സുരക്ഷാ ഭീഷണിയെക്കുറിച്ച മത്സ്യത്തൊഴിലാളികളുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. കരയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരെ പനാമയില്‍ നിന്നുള്ള ആംബര്‍ കപ്പല്‍ ഇടിച്ചാണ് കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഇരുമ്പുബോട്ട് തകര്‍ന്നത്. രാത്രി സുരക്ഷിത മേഖലയില്‍ ബോട്ട് നങ്കൂരമിട്ട ശേഷം തൊഴിലാളികള്‍ ഭക്ഷണം കഴിച്ചു ഉറങ്ങിക്കൊണ്ടിരിക്കെ പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. കപ്പല്‍ ദിശ മാറി സഞ്ചരിച്ചതാണ് ബോട്ടിലിടിക്കാന്‍ ഇടയാക്കിയത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ബോട്ടിന്റെ ഭാഗങ്ങളില്‍ പിടിച്ചു ഒഴുകിനടക്കുകയായിരുന്ന മത്സ്യത്തൊഴിലാളികളെ സമീപത്തെ മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍ കണ്ടതുകൊണ്ടാണ് മരണസംഖ്യ മൂന്നില്‍ ഒതുങ്ങിയത്. 14 പേരുണ്ടായിരുന്ന ബോട്ടിലെ 11 പേരെയും അവര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
കപ്പല്‍ അവിചാരിതമായി ബോട്ടുകളില്‍ ഇടക്കുകയോ മറ്റു അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ രക്ഷാ പ്രവര്‍ത്തനത്തിന് കപ്പലുകളില്‍ തന്നെ സംവിധാനങ്ങളുണ്ടാകും. എന്നാല്‍, പുതുവൈപ്പിനില്‍ അപകടം വരുത്തിയ കപ്പല്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ ലൈറ്റണച്ചു കടന്നുകളയുകയായിരുന്നുവത്രെ. റഡാറിന്റെ സഹായത്തോടെ കപ്പലിന്റെ സഞ്ചാരി ഗതി മനസ്സിലാക്കി കോസ്റ്റ് ഗാര്‍ഡും നേവിയും പിന്തുടര്‍ന്നാണ് അപകട സ്ഥലത്ത് നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചു കപ്പല്‍ കസ്റ്റഡിയിലെടുത്തത്. ദൂരത്തില്‍ കാണാന്‍ ശേഷിയുള്ള നൈറ്റ്‌വിഷന്‍ ടെലസ്‌കോപ്പിന്റെ സഹായത്തോടെ ചുറ്റുപാടും വീക്ഷിച്ചു കൊണ്ടിരിക്കുന്ന നിരീക്ഷകര്‍ കപ്പലുകളില്‍ ഉണ്ടായിരിക്കണമെന്നാണ് അന്താരാഷ്ട്ര ചട്ടം. ദൂരെ ബോട്ടുകളോ മറ്റോ കണ്ടാല്‍ ഇവര്‍ ഉടനെ ക്യാപ്റ്റനെ ധരിപ്പിക്കുകയും ക്യാപ്റ്റന്‍ ഹോണടിച്ചു കപ്പലിന്റെ വരവ് അറിയിക്കുകയും വേണം. ബോട്ടിലുള്ളവരുടെ ശ്രദ്ധയില്‍ ഇത് പെടുന്നില്ലെങ്കില്‍ ആകാശത്തേക്ക് വെടിവെക്കുകയും അതുകൊണ്ടും ഫലമില്ലെങ്കില്‍ കപ്പല്‍ ഓട്ടം നിര്‍ത്തുകയും വേണം. ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഈ ചട്ടങ്ങളൊന്നും പാലിക്കാതെയാണ് പനാമ ആംബര്‍ ഓടിയത്. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചക്ക് പനാമ ആംബര്‍ മുമ്പും നിയമനടപടികള്‍ക്ക് വിധേയമായിട്ടുണ്ട്. കപ്പല്‍ നിയന്ത്രിക്കുന്ന യന്ത്രസംവിധാനത്തില്‍ തകരാറ് കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയില്‍ ദിവസങ്ങളോളം കപ്പല്‍ തടഞ്ഞുവെച്ചതിന്റെ രേഖകള്‍ പരിശോധനയില്‍ കൊച്ചി പോസ്റ്റല്‍ പോലീസിന് ലഭിച്ചു. ഇതേ തകരാര്‍ തന്നെയാണ് പുതുവൈപ്പിനിലെ അപകടത്തിനു കാരണമെന്നും സംശയിക്കുന്നു.

വിദേശ കപ്പലുകള്‍ കപ്പല്‍ച്ചാലുകളുടെ അതിര്‍ത്തി ലംഘിക്കുന്നതാണ് മിക്കപ്പോഴും ബോട്ടുകളുമായി കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണം. കടല്‍ക്കൊള്ളക്കാരെ ഭയന്നും മൊബൈല്‍ നെറ്റ്‌വര്‍ക്ക് സൗകര്യം ഉപയോഗപ്പെടുത്തുന്നതിനുമാണ് കപ്പലുകള്‍ ദിശ തെറ്റിച്ചു കരയോടടുത്ത് സഞ്ചരിക്കുന്നത്. ചരക്ക് കപ്പലുകള്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണങ്ങള്‍ വിധേയമാകാറുണ്ട്. കരയില്‍ നിന്ന് കൂടുതല്‍ ദൂരത്താണ് അക്രമം സംഭവിക്കുന്നതെങ്കില്‍ സുരക്ഷാ സേനയുടെ സഹായം കിട്ടണമെന്നില്ല. കരയോടടുത്ത ഭാഗങ്ങളില്‍ സുരക്ഷാവിഭാഗം എപ്പോഴും സജ്ജമായിരിക്കും. എന്നാല്‍ സുരക്ഷിതമായി മത്സ്യ ബന്ധനം നടത്താനുള്ള സാഹചര്യം മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് നഷ്ടമാക്കുന്നു. നേരത്തെ സുരക്ഷിതമായി മത്സ്യബന്ധനം നടത്തിയിരുന്ന മേഖലളില്‍ കപ്പലുകളില്‍ നിന്നുള്ള അപകട ഭീഷണി എപ്പോഴും ഉണ്ടാകാമെന്നതാണ് ഇന്നത്ത അവസ്ഥ.
കപ്പലുകളുടെ സഞ്ചാരത്തിനുള്ള അന്താരാഷ്ട്ര മാരിടൈം ആക്ടനുസരിച്ചു, മറ്റൊരു രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയിലൂടെ അനുമതി വാങ്ങാതെയുള്ള കപ്പല്‍ യാത്രക്ക് വിലക്കുണ്ട്. അതുവഴി കടന്നുപോകണമെന്നുണ്ടെങ്കില്‍ പ്രസ്തുത രാജ്യത്തിന്റെ തീരസംരക്ഷണ സേനയുടെ സമ്മതം നേടണം. ഈ ചട്ടങ്ങളൊന്നും പാലിക്കാതെയാണ് പനാമ കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ ഓടിയത്. ഗുരുതരമായ നിയമലംഘനമാണിത്. മാരിടൈം ആക്ടും കടലിലെ അതിക്രമങ്ങള്‍ തടയുന്നതിനുള്ള സുവാ നിയമവും ലംഘിക്കുന്ന കപ്പലുകള്‍ക്കെതിരെ പല രാജ്യങ്ങളും കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാറും സംസ്ഥാന ഭരണകൂടങ്ങളും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്നതായി പരാതിയുണ്ട്. 2011ല്‍ ഐന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് കൊല്ലത്തുകാരായ രണ്ട് മത്സ്യത്തൊഴിലാളികല്‍ മരിച്ച സംഭവത്തില്‍ അധികൃതര്‍ കാണിച്ച ഉദാസീനതയാണല്ലോ അപകടം വരുത്തിയ നാവികര്‍ക്ക് അവരുടെ നാട്ടിലേക്ക് രക്ഷപ്പെടാനും കേസ് തീരുമാനാകാതെ നീണ്ടു പോകാനും ഇടയാക്കിയത്. പനാമ ആംബര്‍ കപ്പല്‍ വരുത്തിയ അപകടത്തിനും ഇതേ ഗതിയുണ്ടാകാതിരിക്കാന്‍ അധികൃതര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Latest