Connect with us

Kerala

സമസ്ത: മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Published

|

Last Updated

ഒന്നാം റാങ്ക് നേടിയവര്‍: ഫസ്‌ന കെപി (ഹയര്‍ സെക്കന്‍ഡറി), ഫാത്തിമ നസീഹ കെ പി (പത്താം തരം), റിസ്‌വാന പിടി (ഏഴാം തരം), ആദില പി (അഞ്ചാം തരം)

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2017 മെയ് 13,14 തിയ്യതികളില്‍ അഖിലേന്ത്യാ തലത്തിലും വിദേശ രാജ്യങ്ങളിലുമായി നടത്തിയ പൊതു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരള, തമിഴ്‌നാട്, കര്‍ണാടക, അസം മഹാരാഷ്ട്ര, പശ്ചിമ ബംഗാര്‍, ലക്ഷദ്വീപ്, അന്തമാന്‍, മലേഷ്യ, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലെ സെന്ററുകളിലാണ് പരീക്ഷ നടന്നത്.

അഞ്ചാം തരത്തില്‍ 89.75 ശതമാനവും ഏഴാം തരത്തില്‍ 94.50 ശതമാനവും പത്താം തരത്തില്‍ 98 ശതമാനവും പ്ലസ്ടു ക്ലാസ്സില്‍ 99.75 ശതമാനം വിദ്യാര്‍ത്ഥികളും വിജയികളായി.

അഞ്ചാം ക്ലാസ്സില്‍ മലപ്പുറം ജില്ലയിലെ ഉങ്ങുങ്ങല്‍ തഅ്‌ലീമുല്‍ ഔലാദ് മദ്‌റസയിലെ ആദില പിയും, ഏഴാം ക്ലാസ്സില്‍ മലപ്പുറം ജില്ലയിലെ കാറ്റാടി മുത്തേടം അല്‍മദ്‌റസത്തുല്‍ ബദ്‌രിയ്യയിലെ രിസ്‌വാന പി.ടിയും, പത്താം ക്ലാസ്സില്‍ മലപ്പുറം ജില്ലയിലെ പനച്ചിക പള്ളിയാളി ഹസനിയ്യ സെക്കണ്ടറി മദറസയിലെ ഫാത്തിമ നസ്വീഹ കെ.പിയും, ഹയര്‍ സെക്കണ്ടറി (പ്ലസ്ടു) ക്ലാസ്സില്‍ മലപ്പുറം ജില്ലയിലെ തെഞ്ചീരി മന്‍ശഉല്‍ ഉലൂം സുന്നി മദ്‌റസയിലെ ഫസ്‌ന കെ.പിയും ഒന്നാം റാങ്ക് നേടി.

റാങ്ക് ജേതാക്കളെയും മുഅല്ലിംകളെയും മദ്‌റസാമാനേജ്‌മെന്റ് ഭാരവാഹികളെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചിത്താരി കെ.പി.ഹംസ മുസ്‌ലിയാര്‍, പരീക്ഷാ വിഭാഗം ചെയര്‍മാന്‍ പി കെ അബൂബക്കര്‍ മൗലവി തളിപ്പറമ്പ്, ബോര്‍ഡ് സെക്രട്ടറി പ്രൊഫ എ കെ അബ്ദുല്‍ ഹമീദ് സാഹിബ് എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.

മെയ് മധ്യവാരത്തില്‍ കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ക്യാമ്പുകളിലാണ് ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്. മലപ്പുറം സ്വലാത്ത് നഗര്‍ മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ ക്യാമ്പസിലാണ് കേരളത്തിലെ വാല്വേഷന്‍ ക്യാമ്പ് നടന്നത്.

മാര്‍ക്ക് ലിസ്റ്റുകള്‍ പൊതുപരീക്ഷാ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ 12 മണിവരെ വിതരണം ചെയ്യുന്നതാണ്. പരീക്ഷാഫലം www.samastha.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂനര്‍ മുല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ജൂണ്‍ 15 മുതല്‍ 24 വരെ പേപ്പര്‍ ഒന്നിന് 50 രൂപ ഫീസ് സഹിതം വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷാ ഫോറം സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. റമളാന്‍ അവധി കഴിഞ്ഞ് ശവ്വാല്‍ ഒമ്പതിന് മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു.

Latest