Connect with us

Qatar

ഖത്വര്‍ റിയാല്‍ ഇടിവ് പറ്റാതെ വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ദോഹ: അയല്‍ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധ ഭീഷണി അഭിമുഖീകരിക്കുകയാണെങ്കിലും ഖത്വര്‍ റിയാല്‍ വര്‍ഷങ്ങളോളം ഇടിവ് കൂടാതെ നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. മേഖലയിലെ നയതന്ത്ര പ്രതിസന്ധിയെ തുടര്‍ന്ന് യു എസ് ഡോളറുമായുള്ള വ്യാപാരത്തില്‍ റിയാലിന് കഴിഞ്ഞ ദിവസം ഇടിവ് പറ്റിയെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരുക്ക് പറ്റില്ലെന്ന് രാജ്യത്തിന്റെ വരവുചെലവ് റിപ്പോര്‍ട്ട് തെളിയിക്കുന്നു.

എണ്ണ വില താഴ്ന്നതും വാതക വില ഉയര്‍ന്നതും സൃഷ്ടിച്ച സവിശേഷ സാമ്പത്തിക അവസ്ഥയില്‍ 2015 ഡിസംബറിന് ശേഷം ആദ്യമായി കഴിഞ്ഞ ദിവസം ഡോളറിനെതിരെ റിയാല്‍ ഏറ്റവും കുറഞ്ഞ നിലയിലെത്തിയിരുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതിക്കാരും സമ്പന്നവുമായ ഖത്വറിന് അതിന്റെ കരുതല്‍ ശേഖരത്തിന്റെ ചെറിയൊരു അളവ് ദ്രവ്യമാക്കിയാല്‍ തന്നെ നിക്ഷേപം പുറത്തുപോകുമെന്ന ഭീഷണിയെ നിഷ്പ്രയാസം മറികടക്കാന്‍ സാധിക്കും. വാതക കയറ്റുമതി തുടരുന്നിടത്തോളം അപ്പപ്പോഴത്തെ ചെലവിനുള്ള നീക്കിയിരിപ്പ് സംരക്ഷിക്കാനാകും.
റിയാലിന്റെ ഡോളറിനോടുള്ള സ്‌പോട്ട് മാര്‍ക്കറ്റ് നിരക്ക് 3.64 ആണ്. ഭാവി സുരക്ഷിതമാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഈ നിരക്കില്‍ മാറ്റം വരാനുള്ള കാരണം സാമ്പത്തിക തീരുമാനത്തേക്കാള്‍ രാഷ്ട്രീയമായിരിക്കും.

കഴിഞ്ഞ ദിവസത്തെ ഇടിവ് സൂചിപ്പിക്കുന്നത് റിയാലിന്റെ മൂല്യം കുറയല്‍ അടുത്ത 12 മാസത്തേക്ക് രണ്ട് ശതമാനത്തിലും താഴെയായിരിക്കുമെന്നാണ്. കറന്‍സി വിജയകരമായി സംരക്ഷിക്കാന്‍ ഖത്വറിന് സാധിക്കുമെന്ന് മേഖലയിലെ തന്നെ ധനകാര്യ സ്ഥാപനങ്ങളിലെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഖത്വറിന്റെ മൂല്യം തകര്‍ന്നടിയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് യൂറോപ്പിലെ ഐ എന്‍ ജി സ്ട്രാറ്റജി ഗ്ലോബല്‍ ഹെഡ് ക്രിസ് ടര്‍ണര്‍ പറഞ്ഞു. മുമ്പെങ്ങുമില്ലാത്ത സമ്മര്‍ദം റിയാലിന് മേലുണ്ടെന്നും കഴിഞ്ഞ 25 വര്‍ഷത്തെ മറ്റ് രാഷ്ട്രങ്ങളുടെ അനുഭവം വെച്ചുനോക്കുകയാണെങ്കില്‍ വലിയൊരു തളര്‍ച്ച നേരിട്ടാല്‍ റിയാല്‍ 20 ശതമാനം വരെ താഴാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡോളറുമായുള്ള റിയാലിന്റെ വിനിമയം തകരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലണ്ടനിലെ കാപിറ്റല്‍ ഇക്കണോമിക്‌സിലെ മിഡില്‍ ഈസ്റ്റ് സാമ്പത്തിക വിദഗ്ധന്‍ ജേസണ്‍ ടൂവി പറഞ്ഞു.

നിലവിലെ പ്രതിസന്ധിക്ക് മുമ്പ്, ഈ വര്‍ഷം ഖത്വറിന് 1.2 ബില്യന്‍ ഡോളറിന്റെ മിച്ചമുണ്ടാകുമെന്ന് ഐ എം എഫ് പ്രവചിച്ചിരുന്നു. 2020ല്‍ 4.7 ബില്യനാകും. എണ്ണ, വാതക വിലയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. അധിക ബേങ്കുകള്‍ക്കും സര്‍ക്കാറുമായി ബന്ധമുള്ളതിനാല്‍ മറ്റ് രാഷ്ട്രങ്ങള്‍ മൂലധന നിയന്ത്രണം കൊണ്ടുവന്നാല്‍ തന്നെ കാര്യങ്ങള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കും. അതേസമയം, അടിയന്തര പശ്ചാത്തലത്തില്‍ വിദേശത്തേക്ക് വന്‍തോതില്‍ പണം അയക്കുന്നതില്‍ നിന്ന് താമസക്കാരെ രാജ്യത്തിന് തടയേണ്ടതായി വരും.

Latest