ചക്കിലിയ സമുദായ അംഗങ്ങളെ അധിക്ഷേപിച്ച് സിപിഎം. എംഎല്‍എ

Posted on: June 10, 2017 12:18 pm | Last updated: June 10, 2017 at 2:39 pm

പാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്കിലിയ സമുദായ അംഗങ്ങളെ അധിക്ഷേപിച്ച് സിപിഎം. എംഎല്‍എ കെ. ബാബു. ചക്കിലിയ സമുദായത്തിലുള്ളവര്‍ വീടുകളുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനാണെന്ന് പരാമര്‍ശമാണ് വിവാദമായത്. അംബേദ്കര്‍ കോളനിയില്‍ കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചക്കിലിയ യുവതി മേല്‍ജാതിക്കാരനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ചക്കിലിയരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിനു ശേഷം അവര്‍ കോളനിയിലെ ക്ഷേത്രത്തിലാണ് താമസിക്കുന്ത്. വഴി നടക്കാന്‍ അനുവദിക്കുന്നില്ലെന്നും വെള്ളമെടുക്കാന്‍ അനുവദിക്കില്ലെന്നുമൊക്കെ പറയുന്നവര്‍ വൈകുന്നേരം അതേ ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് മദ്യപിക്കാനാണ് ക്ഷേത്രത്തില്‍ കഴിയുന്നതെന്നും ബാബു ആരോപിച്ചു.

അംബേദ്കര്‍ കോളനിയില്‍ അയിത്തമുണ്ടെന്ന് കോണ്‍ഗ്രസുകാരാണ് പ്രചരിപ്പിക്കുന്നതെന്നും, തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും എംഎല്‍എ പറഞ്ഞിരുന്നു. എന്നാല്‍, ഏതെങ്കിലും സമുദായത്തിന് നേരെയായിരുന്നില്ല തന്റെ പരാമര്‍ശമെന്ന് ബാബു പിന്നീട് പറഞ്ഞു. കോളനിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്തതില്‍ 75 ശതമാനം പേരും ചക്കിലിയാര്‍ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കോണ്‍ഗ്രസുകാരെ കുറിച്ചായിരുന്ന തന്റെ പരാമര്‍ശം. വിഷയം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കെ ബാബു എംഎല്‍എ കൂട്ടിച്ചേര്‍ത്തു.