നാഗ തീവ്രവാദി സംഘടനാ നേതാവ് അന്തരിച്ചു

Posted on: June 10, 2017 11:04 am | Last updated: June 10, 2017 at 11:06 am

ന്യൂഡല്‍ഹി: മ്യാന്മാര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്‍എസ്‌സിഎന്‍-കെ) നേതാവ് എസ്.എസ്. ഖപ്‌ലാങ് (77) അന്തരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് മ്യാന്‍മറില്‍ വെച്ചായിരുന്നു അന്ത്യം. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റി(എന്‍എസ്‌സിഎന്‍)ന്റെ സ്ഥാപകരിലൊരാളായിരുന്നു ഖപ്‌ലാങ്. പിന്നീട് സംഘടന പിളര്‍ന്നതിനെ തുടര്‍ന്ന് 1988ല്‍ ഖപ്‌ലാങ് എന്‍എസ് സി എന്‍- കെ രൂപവത്കരിക്കുകയായിരുന്നു.

മ്യാന്‍മറിലെ ഹെമി നാഗ വിഭാഗക്കാരനായ ഖപ്‌ലാങ് മ്യാന്‍മറില്‍ നിന്നാണ് ആക്രമണങ്ങള്‍ നിയന്ത്രിച്ചിരുന്നത്. 1940ല്‍ കിഴക്കന്‍ മ്യാന്‍മറിലായിരുന്നു ജനനം. ഇന്ത്യന്‍ സൈന്യത്തിനെതിരെ പലഘട്ടങ്ങളിലും ഇവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. 2015ല്‍ മണിപ്പൂരില്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടു.

ഖപ്‌ലാങിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴുലക്ഷം രൂപയുടെ പാരിതോഷികം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി പ്രഖ്യാപിച്ചിരുന്നു. 2015ല്‍ സംഘടന നിരോധിച്ചു.