Connect with us

Kerala

പാലാ മാടമ്പിക്ക് രാഷ്ട്രീയം കച്ചവടം; മാണിയെ കടന്നാക്രമിച്ച് വീക്ഷണം

Published

|

Last Updated

കോഴിക്കോട്: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. “മാണി എന്ന മാരണം” എന്ന പേരിലെഴുതിയ മുഖപ്രസംഗത്തിലാണ് മാണിക്കെതിരെ വീക്ഷണം രൂക്ഷ വിമര്‍ശമനുയര്‍ത്തുന്നത്.

കെ.എം.മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണ്. കവലയില്‍ നിന്ന് വിലപേശുന്ന നേതാവാണ്. രാഷ്ട്രീയ മര്യാദയും സത്യസന്ധതയും മാണിക്കില്ല. സ്ഥാപക നേതാക്കളായ കെ എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണ്. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് അദ്ദേഹത്തിന്റേതെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

മുന്നണിക്കകത്തുനിന്ന് എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ മാണി ശ്രമം നടത്തിയിരുന്നുവെന്ന കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മാണിക്കെതിരെ വീക്ഷണം രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്.

മുന്നണിക്കകത്തുനിന്ന് അനര്‍ഹമായ പലതും തകര്‍ക്കിച്ചും വിലപേശി വാങ്ങിയ മാണി സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ്. കെ.എം.മാണിയുടെ വിഷക്കൊമ്പുകൊണ്ട് കുത്തേല്‍ക്കാത്ത ഒരു നേതാവും കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലില്ല. സ്ഥാപകനേതാവ് കെ.എം.ജോര്‍ജ് മുതല്‍ പി.സി.ജോര്‍ജ് വരെയുള്ള നേതാക്കളെ പലതരം ഹീനകൃത്യങ്ങളിലൂടെ പീഡിപ്പിച്ചിട്ടുണ്ട്. മാണിക്കുവേണ്ടി യുഡിഎഫ് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ അദ്ദേഹത്തിനുണ്ടെങ്കില്‍ അതിന്റെ കുളിരില്‍ അദ്ദേഹം കാത്തിരിക്കേണ്ടതില്ല.

മാണിക്കും മകനും വേണ്ടിമാത്രമുള്ള ഒരു പാര്‍ട്ടിയെ ഏറെക്കാലും കോണ്‍ഗ്രസ് ചുമന്നതുകൊണ്ടാണ് അവര്‍ക്ക് രാഷ്ട്രീയ അസ്തിത്വമുണ്ടായത്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ കെ.എം.ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണ്. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് അദ്ദേഹത്തിന്റേത്. കൂടോത്രം ചെയ്തും കൈവിഷം നല്‍കിയും മാണി നശിപ്പിച്ച നിരവധി നേതാക്കള്‍ കോണ്‍ഗ്രസിന്റെ അകത്തുണ്ട്. കെ.എം.മാണിക്ക് രാഷ്ട്രീയമെന്നത് എക്കാലത്തും കച്ചവടമാണ്. മാണിയുടെ രാഷ്ട്രീയ ചരിത്രം നെറികേടിന്റേതു മാത്രമാണ്. യുഡിഎഫില്‍നിന്നു പോയ നാല്‍ക്കവലയില്‍നിന്നു വിലപേശുന്ന അവസ്ഥയിലാണ് അദ്ദേഹം.

മകന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിനും ഒപ്പം തന്റെ മുഖ്യമന്ത്രി കസേരയോടുള്ള ഭ്രമത്തിനുവേണ്ടി എന്തു രാഷ്ട്രീയ അശ്ലീലതയും ചെയ്യാന്‍ കെ.എം.മാണി മടിക്കില്ല. ഒരു പ്രത്യയശാസ്ത്ര നിലപാടും അദ്ദേഹത്തിന് ഇല്ല. കൂടുതല്‍ നല്‍കുന്നവന്റെ കൂടെ പോകുന്ന നിലപാടു മാത്രമാണ്. ഇദ്ദേഹത്തിനു മുന്നില്‍ കായംകുളം കൊച്ചുണ്ണി പോലും കൈകൂപ്പി ശിഷ്യപ്പെടേണ്ടി വരും. പാര്‍ട്ടിയിലെ അടിമതോറ്റങ്ങളുടെ പാട്ടുകേട്ട് ഉല്ലസിക്കുന്ന പാലാ മാടമ്പിയും മകനും ചരിത്രം കാത്തുവച്ചിരിക്കുന്ന ശിക്ഷ ഒറ്റപ്പെടലിന്റേതാകുമെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.

---- facebook comment plugin here -----

Latest