Connect with us

Gulf

ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം എളുപ്പമെല്ലെന്ന് നിരീക്ഷകര്‍

Published

|

Last Updated

ഗള്‍ഫിലെ നയതന്ത്ര പ്രതിസന്ധി എളുപ്പം പരിഹരിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തല്‍. മുസ്‌ലിം ബ്രദര്‍ഹുഡിനെ തള്ളിപ്പറയാന്‍ ഖത്വര്‍ തയ്യാറാകാത്തതാണ് കാരണം. മുസ്‌ലിം ബ്രദര്‍ഹുഡിനോടുള്ള മൃദുസമീപനം ഖത്വര്‍ വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുന്നു. അതേസമയം, ഖത്വര്‍ എണ്ണക്കപ്പലുകള്‍ക്ക് ഏര്‍പെടുത്തിയ ഉപരോധത്തില്‍ യു എ ഇ ഇളവ് വരുത്തി. അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യുന്നതില്‍ സഹകരിക്കാമെന്ന് അബുദാബി തുറമുഖം അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ, അനുരഞ്ജന ശ്രമത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടു വന്നിട്ടുമുണ്ട്.

മുസ്‌ലിം ബ്രദര്‍ഹുഡിന്റെ കാര്യത്തില്‍ ഖത്വര്‍ കാണിക്കുന്ന പിടിവാശിയാണ് പ്രശ്‌ന പരിഹാരത്തിന് തടസമായി നില്‍ക്കുന്നതെന്ന് ഒത്തുതീര്‍പ്പിന് രംഗത്തിറങ്ങിയ കുവൈത്ത് അമീര്‍, ശൈബ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുവൈത്തിന്റെ ചായ്‌വ് സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍ നിലപാടിനോടാണ്. ഖത്വറിലെത്തിയ ശൈഖ് സബാഹ് അവിടത്തെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയോട് ഇക്കാര്യം പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 30നും കുവൈത്ത്, ഖത്വര്‍ അമീറുമാര്‍ ഇഫ്താറില്‍ ഒരുമിച്ചിരുന്നു.
മെയ് 24ന് സഊദിക്കെതിരായ ചില പരാമര്‍ശങ്ങള്‍ ഖത്വര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, സഊദിയുടെയും ബഹ്‌റൈന്റെയും ആഭ്യന്തര കാര്യങ്ങളില്‍ ഖത്വര്‍ ഇടപെട്ടുവെന്ന ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. സഊദിയില്‍ സ്വാധീനമുള്ള മതപണ്ഡിതര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയവരെ സ്വാധീനിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടര്‍ സൂചിപ്പിച്ചു.

ഖത്വര്‍ വാര്‍ത്താ ഏജന്‍സിയില്‍ നുഴഞ്ഞുകയറി ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയത് റഷ്യന്‍ ഹാക്കര്‍മാരല്ലെന്ന് റഷ്യ ചൂണ്ടിക്കാട്ടി. മെയ് 24നാണ് വെളിപ്പെടുത്തലുകള്‍ വന്നത്. ഖത്വര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനി സഊദിയെ വിമര്‍ശിക്കുന്നതും ഇറാനെ പിന്തുണക്കുന്നതും അതില്‍ ഉള്‍പെട്ടിരുന്നു.
അതേസമയം, ഖത്വറുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന, റഷ്യ ഖത്വറിന് വിരുദ്ധമായി ഖത്വര്‍ വാര്‍ത്താ ഏജന്‍ സിയില്‍ നുഴഞ്ഞുകയറ്റം നടത്തില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഖത്വറുമായും റഷ്യക്ക് വാണിജ്യബന്ധങ്ങളുണ്ട്. റഷ്യയുടെ ഉടമസ്ഥതയിലുള്ള റോസ് നെഫ്റ്റ് എണ്ണക്കമ്പനിയില്‍ 19.5 ശതമാനം ഓഹരി ഖത്വറിന്റേതാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടാമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിനും അറിയിച്ചിട്ടുണ്ട്.