ഫസല്‍ വധം; കൊന്നത് തങ്ങളാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി

Posted on: June 9, 2017 2:06 pm | Last updated: June 9, 2017 at 9:28 pm

കണ്ണൂര്‍: തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ഫസലിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ സിപിഎം അല്ല തങ്ങളാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പോലീസിനു മൊഴി നല്‍കി. ചെമ്പ്ര സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് മൊഴി നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഫസലിനെ താനും ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതീഷ്, പ്രമേഷ്, ഷിനോയ് എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് സുബീഷിന്റെ മൊഴി. വാഹനത്തില്‍ എത്തി ഫസലിനെ ആക്രമിച്ച ശേഷം സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.

സിപിഎം പ്രവര്‍ത്തകനായ മോഹനനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായപ്പോഴാണ് സുബീഷ് നിര്‍ണായക വിവരങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. മോഹനന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി സദാനന്ദന്റെ മുന്നിലാണ് സുബീഷ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാ കമ്മറ്റി അംഗം കാരായി ചന്ദ്രശേഖരനും പ്രതികളെന്ന് കണ്ടെത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പുതിയ മൊഴി.