Connect with us

Kerala

മലബാര്‍ മേഖല പാല്‍ പ്രളയത്തിലേക്ക്‌

Published

|

Last Updated

പാലക്കാട്: സംസ്ഥാനം പാലുത്പാദനത്തില്‍ സ്വയം പര്യപ്തതയിലേക്ക് നീങ്ങുമ്പോള്‍ മലബാര്‍ മേഖല പാല്‍ പ്രളയത്തിലേക്ക്. വേനല്‍ മഴ നേരത്തെ ലഭിച്ചതിനാല്‍ പശുക്കള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിച്ചതും പച്ചപ്പുല്‍ മുളച്ച് തുടങ്ങിയതുമാണ് പാല്‍ ഉത്പാദനത്തില്‍ പെട്ടെന്നുള്ള വര്‍ധനവിന് കാരണമാക്കിയത്. കാലവര്‍ഷത്തിന്റെ ആരംഭവും നോമ്പും ഒരുമിച്ചു വന്നതിനാല്‍ വിപണിയില്‍ ക്ഷീരസംഘങ്ങളുടെ പ്രാദേശിക പാല്‍ വില്‍പ്പന കുറഞ്ഞത് മില്‍മക്ക് ഇരുട്ടടിയായി. മലബാര്‍ മില്‍മയില്‍ ഇപ്പോള്‍ കഴിഞ്ഞ വര്‍ഷം സംഭരിച്ചിരുന്ന പാലിനെക്കാള്‍ 65,000 ലിറ്റര്‍ പാല്‍ പ്രതിദിനം അധികമാണ് സംഭരിക്കുന്നത്. ഇപ്പോഴത്തെ പ്രതിദിനപാല്‍ സംഭരണം 6.5 ലക്ഷം ലിറ്ററിന് മുകളിലാണ്. പാല്‍ സംഭരണത്തില്‍ ഓരോ ദിവസവും പുതിയ റിക്കാര്‍ഡുകളാണ്. പാല്‍ സംഭരണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. പാലക്കാട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടിയ വര്‍ധനവ് വന്നിട്ടുള്ളത്.

പാലക്കാട് ഡയറിയില്‍ മാത്രം സംഭരണം ഒരുലക്ഷത്തി തൊണ്ണൂറായിരം ലിറ്റര്‍ കവിഞ്ഞു. ഇത് കഴിഞ്ഞ വര്‍ഷം ഈ സമയത്തെക്കാള്‍ മുപ്പതിനായിരം ലിറ്റര്‍ അധികമാണ്. കൂടാതെ പട്ടാമ്പി, അട്ടപ്പാടി ചില്ലിംഗ് പ്ലാന്റുകളിലും പാല്‍ സംഭരണം കൂടിവരുന്നു. പട്ടാമ്പി ചില്ലിംഗ് പ്ലാന്റിലെ പാല്‍ സംഭരണം 30,000 ലിറ്റര്‍ കവിഞ്ഞു. പാലക്കാട് ഡെയറിയുടെ 52 ബള്‍ക്ക് മില്‍ക്ക് കൂളറുകളിലൂടെയാണ് പാല്‍സംഭരിക്കുന്നത്. പാല്‍ സംഭരണശേഷി 1, 83,000 ലിറ്ററാണ്. ഇപ്പോള്‍ തന്നെ പാലിന്റെ അളവ് സംഭരണശേഷിയിലും കൂടുതലായതിനാല്‍ പാല്‍ കൈകാര്യം ചെയ്യാന്‍ പ്രയാസം ഏറെയാണ്. പതിമൂന്ന് മില്‍ക്ക് ടാങ്കറുകള്‍ ഇരുപത്തയഞ്ചിലേറെ ട്രിപ്പുകളിലൂടെയാണ് പാല്‍ ഡയറിപ്ലാന്റിലെത്തിക്കുന്നത്. നിലവില്‍ 53 സംഘങ്ങള്‍ക്ക് മില്‍ക്ക് ക്വാട്ട ഉണ്ടായിരിക്കുമ്പോളാണ് ഈവര്‍ധനവ്. ക്വാട്ട ഉയര്‍ത്തി നല്‍കണമെന്ന ആവശ്യം പല സംഘങ്ങളും ഉന്നയിച്ചു തുടങ്ങി.
പാല്‍ ഉത്പാദനം ഗണ്യമായി വര്‍ധിക്കുകയും നോമ്പിനോടനുബന്ധിച്ച് വില്‍പ്പനയില്‍ കുറവ് വരികയും വന്ന സാഹചര്യത്തില്‍ അധികമുള്ള പാല്‍ കൈകാര്യം ചെയ്യാനാവാത്ത അവസ്ഥയിലാണ് മലബാര്‍ മില്‍മ തിരുവനന്തപുരം മില്‍മയിലേക്കും പാല്‍പ്പൊടിയാക്കി സൂക്ഷിക്കുന്നതിന് ആലപ്പുഴ, തമിഴ്‌നാട്ടിലെ ഈറോഡ് പൗഡര്‍ പ്ലാന്റിലേക്കുമായി പ്രതിദിനം ഒരു ലക്ഷം ലിറ്ററിന് മുകളിലാണ് മലബാറില്‍ നിന്ന് പാല്‍ അയക്കുന്നത്.

Latest