Connect with us

Articles

'കരുണാ നാളുകളില്‍ കാരുണ്യ കൈനീട്ടം'

Published

|

Last Updated

അന്യാശ്രയമില്ലാത്തവന്‍ എന്നത് സ്രഷ്ടാവിന്റെ വിശേഷണമാണ്. സൃഷ്ടികള്‍ പരാശ്രയമില്ലാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാന്‍ കഴിയാത്തവരുമാണ്. അവനവന്റെ ശരീരത്തിലേക്കൊന്ന് ചിന്ത തിരിച്ചുനോക്കൂ. ധരിച്ച ഉടയാടകളുടെ നൂല് നിര്‍മിച്ചതാരാണ്? അത് തുണിയാക്കിയത്? വസ്ത്രമാക്കി തുന്നിത്തന്നത്? ഇനി കൈയില്‍ കെട്ടിയ വാച്ച്, മൊബൈല്‍ ഫോണ്‍, കാലിലെ ചെരിപ്പ്, ഒടിനടക്കുന്ന വാഹനം, താമസിക്കുന്ന വീട്, വിശപ്പടക്കുന്ന ഭക്ഷണം… എല്ലാം മറ്റു പലരെയും ആശ്രയിച്ചാണ് നാം നേടിയെടുക്കുന്നത്. ഇവടെ ജാതിയില്ല, മതമില്ല, രാഷ്ട്രാതിരുകളില്ല. ഇതാണ് മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ് എന്ന് പറയുന്നതിന്റെ പൊരുള്‍.

മനുഷ്യ സമൂഹത്തില്‍ സമ്പന്നരും പാവപ്പെട്ടവരുമുണ്ട്. ശക്തരും ദുര്‍ബലരുമുണ്ട്. പൂര്‍ണ മനുഷ്യരും അംഗപരിമിതരുമുണ്ട്. എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളാണ്. ഈ വൈവിധ്യങ്ങളെല്ലാം അവന്റെ പരീക്ഷണത്തിന്റെ ഭാഗമാണ്. ദുര്‍ബലരുടെ ക്ഷമ പരീക്ഷിക്കപ്പെടുമ്പോള്‍ സമ്പന്നരുടെയും ആരോഗ്യമുള്ളവരുടെയും സ്‌നേഹാര്‍ദ്രതയാണ് പരീക്ഷിക്കപ്പെടുന്നത്. അറിവും കഴിവും സ്വാധീനങ്ങളുമെല്ലാം മറ്റുള്ളവര്‍ക്ക് പങ്ക് വെച്ചു വേണം ഈ പരീക്ഷണത്തെ അതിജയിക്കാന്‍.
ആദ്യം വേണ്ടത് ആര്‍ദ്രതയുള്ള ഒരു ഹൃദയമാണ്. കഷ്ടപ്പെടുന്നവനെ സഹായിക്കാനുള്ള സന്മനസ്സ്. ഇതുള്ളവന്റെ മുന്നില്‍ അവന്റെ സഹായത്തിനായ് കാത്തുനില്‍ക്കുന്നവരുടെ ഒരു നിര തന്നെയുണ്ടാകും. സഹായിക്കുന്നവര്‍ ഏവിടേയും സഹായികളായി കാണപ്പെടും. റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടുന്നവരെ അവര്‍ കൈപിടിക്കും. ബസ്സില്‍ കയറാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് അവര്‍ കൈത്താങ്ങാകും. രോഗകളെയും അപകടത്തില്‍ പെട്ടവരെയും അവര്‍ ആശുപത്രിയിലെത്തിക്കും. ഇത്തരം ജനോപകാരികള്‍ മാത്രമാണ് സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നവര്‍. സേവനങ്ങളും സാന്ത്വനങ്ങളും നിര്‍വഹിച്ചു കഴിഞ്ഞാല്‍ മനസ്സിന് ഒരു വല്ലാത്ത സംതൃപ്തിയാണ്. പരലോക വിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വര്‍ഗം നേടാന്‍ ഏറ്റവും നല്ല വഴിയും സാന്ത്വന പ്രവര്‍ത്തനങ്ങളും സാമൂഹിക സേവനങ്ങളുമാണ്.
ഒരു സദസ്സില്‍ വെച്ച് പ്രവാചകര്‍(സ) ചോദിച്ചു. ഇന്ന് നോമ്പെടുത്തവര്‍ നിങ്ങളില്‍ ആരെങ്കിലുമുണ്ടോ? അബൂബക്കര്‍(റ) പറഞ്ഞു; ഞാനുണ്ട്. തുടര്‍ന്ന് മൂന്ന് കാര്യങ്ങള്‍ ചോദിച്ചു. ആരാണ് ഇന്ന് പാവപ്പെട്ടവന് ആഹാരം കൊടുത്തത്? ഒരു രോഗിയെ സന്ദര്‍ശിച്ചത്? മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുത്തത്? അബൂബക്കര്‍ സിദ്ദീഖ് (റ) മാത്രമാണ് ഈ ചോദ്യങ്ങള്‍ക്കും അതെ, ഞാന്‍ ചെയ്തിട്ടുണ്ട് എന്ന് പ്രതികരിച്ചത്. അപ്പോള്‍ തിരുനബി(സ) പറഞ്ഞു. ഈ നാല് കാര്യങ്ങള്‍ ഒരാളില്‍ മേളിച്ചാല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചതു തന്നെ.(മുസ്‌ലിം). ശ്രദ്ധിക്കുക, ഇവിടെ പറഞ്ഞ നാലില്‍ മൂന്ന് കാര്യവും സാന്ത്വന പ്രവര്‍ത്തനവും സാമൂഹിക സേവനവുമാണ്.
ശരീരം തളര്‍ന്നുകിടക്കുന്ന വൃദ്ധയെ വീട്ടില്‍ ചെന്ന് പരിചരിച്ച സിദ്ദീഖ്(റ)ന്റെ മാതൃകയും നാടോടികള്‍ക്ക് തെരുവില്‍ വെച്ച് ആഹാരം പാകം ചെയ്ത് ഭക്ഷിപ്പിക്കുകയും പ്രസവവേദന കൊണ്ട് പ്രയാസപ്പെട്ട സ്ത്രീയുടെ പേറ്റെടുക്കാന്‍ ഭാര്യ ഉമ്മുകുല്‍സൂം(റ)മിനെയും കൂട്ടി അവരുടെ വീട്ടിലെത്തി സഹായിക്കുകയും ചെയ്ത ഉമര്‍(റ)വിന്റെ ഉജ്ജ്വല മാതൃകയുമാണ് നമ്മുടെ മുമ്പിലുള്ളത്.

സമസ്ത കേരള സുന്നി യുവജന സംഘം അതിന്റെ ക്ഷേമകാര്യ വകുപ്പിന് കീഴില്‍ നടപ്പാക്കിവരുന്ന സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ ഈ മഹാന്മാരെ മാതൃകയാക്കിയാണ്. മുഴുവന്‍ യൂനിറ്റുകളിലും സാന്ത്വനം കേന്ദ്രം എന്ന ലക്ഷ്യം 3380 യൂനിറ്റുകളില്‍ പൂര്‍ത്തീകരിച്ച് അമ്പത് ശതമാനത്തിന്റെ മുകളിലെത്തിയിരിക്കുകയാണ്. ഏഴംഗങ്ങളുള്ള സാന്ത്വനം ക്ലബ് യൂണിറ്റ് തലങ്ങളില്‍ സംഘാടനം പൂര്‍ത്തിയായി, ഒന്നാം ഘട്ട പരിശീലനം നല്‍കിക്കഴിഞ്ഞു. പ്രധാന മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ഹോസ്പിറ്റലുകള്‍ എന്നിവയില്‍ സൗജന്യ ഭക്ഷണ വിതരണവും ആമ്പുലന്‍സ് സേവനങ്ങളും മരുന്ന് വിതരണവും വളണ്ടിയര്‍ സേവനങ്ങളും ചെയ്തുവരുന്നു. ദാറുല്‍ ഖൈര്‍ ഭവന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ആയിരം വീടുകളില്‍ നൂറിലധികം വീടുകളുടെ പണി പൂര്‍ത്തീകരിച്ചു.
എസ് വൈ എസ് അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് അറുപത് ആശുപത്രി വാര്‍ഡുകള്‍ നവീകരിച്ചുനല്‍കുകയും ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. രണ്ടായിരത്തില്‍ പരം രോഗികള്‍ക്കാണ് സംസ്ഥാന കമ്മിറ്റി നേരിട്ട് മെഡിക്കല്‍ കാര്‍ഡ് പദ്ധതിയിലൂടെ മരുന്ന് ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. വിപുലമായ സൗകര്യങ്ങളുള്ള സാന്ത്വന കേന്ദ്രം തിരുവനന്തപുരത്ത് പണി പുരോഗമിക്കുകയാണ്.
ആതുര സേവനത്തിന് മാത്രം വിവിധ ഘടകങ്ങളിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് കഴിഞ്ഞ വര്‍ഷം സംഘടന ചെലവഴിച്ചത്. ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് എസ് വൈ എസ് പൊതുസമൂഹത്തിലേക്ക് കൈ നീട്ടാറുള്ളത്. റമസാന്‍ മാസത്തിലെ രണ്ടാം വെള്ളിയാഴ്ചയാണത്. “കരുണാ നാളുകളില്‍ കാരുണ്യ കൈനീട്ടം” എന്ന ശീര്‍ഷകത്തില്‍ ഇന്നാണ് പ്രവര്‍ത്തകര്‍ പൊതുജനങ്ങളെ സമീപിക്കുന്നത്. എല്ലാ സുമനസ്സുകളുടെയും സഹായ ഹസ്തം പ്രതീക്ഷിച്ചുകൊണ്ട്….