കടലാക്രമണ ഭീഷണിയില്‍ തീരദേശവാസികള്‍

Posted on: June 7, 2017 1:47 pm | Last updated: June 7, 2017 at 1:47 pm

ഫറോക്ക്: കാലവര്‍ഷമെത്തിയിട്ടും ചാലിയംതരെത്തെ കടല്‍ഭിത്തി പുനരുദ്ധാരണം പാതിവഴിയില്‍. കടലുണ്ടി വാക്കടവ് ഭാഗത്ത് ഭിത്തി ഉയരം വര്‍ധിപ്പിക്കുന്ന ജോലികളാണ് നിലച്ചിരിക്കുന്നത്. ബൈത്താനിനഗര്‍ മദ്‌റസ മുതല്‍ വാക്കടവ് വരെ നാല് റീച്ചുകളായി നടത്തുന്ന പ്രവൃത്തിയാണ് മുടങ്ങിക്കിടക്കുന്നത്. മൂന്ന് റീച്ചുകളുടെ ഭാഗം കരിങ്കല്ല് ഭിത്തി ഉയരം കുട്ടി ദൃഢപ്പെടുത്തിയെങ്കിലും ബാക്കിയുള്ള ഭാഗത്തെ നവീകരണം അനന്തമായി നീളുകയാണ്.
പ്രവൃത്തിക്കായി കരിങ്കല്ലുകള്‍ കൊണ്ടിട്ടിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ പൂര്‍ത്തീകരിക്കാന്‍ നടപടിയായിട്ടില്ല. 32 ലക്ഷം രൂപ ചെലവില്‍ ജലവിഭവ വകുപ്പായിരുന്നു കടല്‍ഭിത്തി ഉയരം വര്‍ധിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. കാലവര്‍ഷം ആരംഭിച്ചിട്ടും പണി നടത്താത്തത് കാരണം കടലാക്രമണം നേരിടേണ്ടിവരുമെന്ന ഭീതിയിലാണ് തീരത്തെ താമസക്കാര്‍. ഇക്കാര്യം നിരവധി തവണ വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രദേശത്തുകാര്‍ പറഞ്ഞു.

തിരയടിയില്‍ മണ്ണൊലിച്ച് കടല്‍ഭിത്തി താഴ്ന്നതിനാല്‍ കടലാക്രമണമുണ്ടാകുമ്പോള്‍ ഇവിടുത്തെ മിക്ക വീടുകളിലേക്കും വെള്ളം കയറുക പതിവാണ്. ഇത് പരിഹരിക്കാനാണ് ജലവിഭവ വകുപ്പ് കടല്‍ഭിത്തിക്ക് ഉയരം കൂട്ടാന്‍ പദ്ധതിയൊരുക്കിയിരുന്നത്. ചെറിയൊരു തിരയുണ്ടായാല്‍ പോലും തീരെത്ത വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയാണിപ്പോള്‍. ഭിത്തിക്ക് ഉയരമില്ലാത്തതിനാല്‍ പ്രദേശത്തെ അറുപതോളം കുടുംബങ്ങള്‍ കടലാക്രമണ ഭീഷണി നേരിടുകയാണ്. കടലുണ്ടി മുതല്‍ വാക്കടവ് വരെ ഭിത്തിക്ക് ഏതാണ്ട് രണ്ട് മീറ്റര്‍ ഉയരമുണ്ട്. എന്നാല്‍ കപ്പലങ്ങാടിയില്‍ ഒരു മീറ്ററില്‍ താഴെ മാത്രമേ ഉയരമുള്ളൂ. ജനവാസ മേഖലയായ കപ്പലങ്ങാടി വാക്കടവ് ഭാഗങ്ങളിലെ കടല്‍ഭിത്തി ബലപ്പെടുത്താന്‍ നടപടി ഉണ്ടാകണമെന്ന് നാട്ടുകാര്‍ പറഞ്ഞു.