ഉത്തര്‍പ്രദേശില്‍ മോഷണശ്രമം തടയുന്നതിനിടെ കുടുംബത്തിലെ മൂന്നുപേരെ വെടിവെച്ചുകൊന്നു

Posted on: June 7, 2017 11:50 am | Last updated: June 7, 2017 at 2:35 pm

സീതാപുര്‍: മോഷണശ്രമം തടയുന്നതിനിടെ ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ബിസിനസ്സുകാരനായ ഗൃഹനാഥനെയും ഭാര്യയെയും 25 വയസുള്ള
മകനെയും അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി. തലസ്ഥാനമായ ലക്‌നൗവില്‍നിന്നു 90 കിലോമീറ്റര്‍ ദൂരത്തിലാണ് സീതാപുര്‍ സ്ഥിതി ചെയ്യുന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
രാത്രി ഒന്‍പതരയോടെയാണു സുനില്‍ ജയ്‌സ്വാള്‍ സിവില്‍ ലൈന്‍സിലുള്ള തന്റെ വീട്ടിലെത്തിയത്. ബൈക്ക് പാര്‍ക്ക് ചെയ്തയുടനെ പിന്നാലെയെത്തിയ അക്രമികള്‍ ഇയാളുടെ കൈവശമുള്ള ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഇതു ചെറുക്കുന്നതിനിടെ ജയ്‌സ്വാളിനുനേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഭാര്യയും മകനുമെത്തിയെങ്കിലും അവര്‍ക്കുനേരെയും അക്രമികള്‍ വെടിയുതിര്‍ത്തു. മൂവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ശബ്ദം കേട്ട് ഇവരുടെ അയല്‍വാസി എത്തിയെങ്കിലും ഇയാള്‍ക്കുനേരെയും അക്രമികള്‍ വെടിയുതിര്‍ത്തുകയായിരുന്നു. പരുക്കേറ്റെങ്കിലും ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മോഷണ ശ്രമമാണെന്നാണു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.