പ്രവാചകന്‍ മാംസ ഭക്ഷണത്തിന് എതിരായിരുന്നുവെന്ന് ആര്‍ എസ് എസ് നേതാവ്‌

Posted on: June 7, 2017 11:18 am | Last updated: June 7, 2017 at 11:18 am

ന്യൂഡല്‍ഹി: നോമ്പെടുക്കുന്ന മുസ്‌ലിംകള്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്ന് ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. പ്രവാചകന്‍ മാംസ ഭക്ഷണത്തിന് എതിരായിരുന്നെന്നും നോമ്പെടുക്കുന്ന മുസ്‌ലിംകള്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ ജാമിഅ മില്ലിയ സര്‍വകലാശാല സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ഇന്ദ്രേഷ്‌കുമാര്‍ വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവന വിവാദമായതോടെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
മാംസം രോഗം പരത്തുന്നവയാണ്. മാംസത്തിന് പകരം നോമ്പ് കാലത്ത് ധാരാളം പശുവിന്‍ പാല് ഉപയോഗിക്കണമെന്നും വീട്ടുപരിസരത്ത് തുളസി തൈകള്‍ നട്ട് പിടിപ്പിക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. പ്രാതലിനൊപ്പം പശുവിന്‍ പാല്‍ ഉപയോഗിക്കണമെന്ന വിശ്വാസം ഇസ്‌ലാമിലുണ്ട്. മുത്വലാഖ് പാപമാണെന്നും അതു ദൈവം ഇഷ്ടപ്പെടുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ആര്‍ എസ് എസിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് ആണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.