അംഗപരിമിതര്‍ക്ക് പരിധിയില്ലാതെ സുരക്ഷയൊരുക്കി കൊച്ചി മെട്രോ

Posted on: June 7, 2017 11:10 am | Last updated: June 7, 2017 at 11:10 am

കൊച്ചി:യാത്രക്കാരുമായി കുതിക്കാന്‍ പത്ത് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊച്ചി മെട്രോ അംഗപരിമിതര്‍ക്ക് സുരക്ഷിത യാത്രയൊരുക്കുന്നതിലും ഏറെ മുന്നില്‍. ശാരീരിക വൈകല്യം നേരിടുന്നവര്‍ക്ക് കയറാനും ഇറങ്ങാനും ആവശ്യമായ സമയം പൂര്‍ണമായും ട്രെയിന്‍ സ്റ്റേഷനുകളില്‍ നിര്‍ത്തും. സമയം കൂടുതല്‍ ആവശ്യമാണെങ്കില്‍ ഡ്രൈവറോട് ഇക്കാര്യം സൂചിപ്പിക്കാന്‍ പ്രത്യേക സ്വിച്ചുകള്‍ ട്രെയിനില്‍ ഘടിപ്പിച്ചിട്ടുണ്ട്. ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലുള്ള ട്രെയിന്‍ നിയന്ത്രണ സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ രണ്ടാമത്തെ മെട്രോ ട്രെയിനെന്ന സവിശേഷത കൂടി കൊച്ചി മെട്രോക്കുണ്ട്.

അംഗപരിമിതരുടെ വീല്‍ ചെയറുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യവും കൊച്ചി മെട്രോയില്‍ ഒരുക്കിയിട്ടുണ്ട്. ട്രെയിനിന്റെ മുന്‍ ഭാഗത്തെ കോച്ചില്‍ ഭിത്തിയോട് ചേര്‍ന്നുള്ള പ്രധാന കമ്പിയില്‍ ഇവ ബന്ധിപ്പിക്കാന്‍ സൗകര്യമുള്ളതിനാല്‍ യാത്രാവേളയില്‍ ഇവ തെന്നിമാറില്ല. അടിയന്തരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് ഡ്രൈവറുമായി നേരിട്ട് സംസാരിക്കാന്‍ കോച്ചുകളില്‍ എമര്‍ജന്‍സി സ്വിച്ചുകളും സംവിധാനിച്ചിട്ടുണ്ട്. ഡ്രൈവറുടെ മറുപടിയും ഇത് വഴി കേള്‍ക്കാന്‍ കഴിയും. അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് ടോള്‍ ഫ്രീ നമ്പറുകളിലും ബന്ധപ്പെടാം. ഈ നമ്പറുകള്‍ ട്രെയിനില്‍ കയറിയാല്‍ പലേടത്തായി കാണാന്‍ സാധിക്കും.
അംഗപരിമിതരെയും ശാരീരിക അസ്വസ്ഥത അനു‘വിക്കുന്നവരെയും പരിചരിക്കാന്‍ സഹായികളെയും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളിലായി 100 സഹായികളെയാണ് സജ്ജമാക്കിയിട്ടുള്ളത്. ഇവര്‍ക്കുള്ള പരിശീലനങ്ങളെല്ലാം പൂര്‍ത്തിയായി. ഇവരുടെ സേവനം യാത്രികര്‍ക്ക് ട്രെയിനിനകത്ത് ആവശ്യമാണെങ്കില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ മാത്രം മതി. യാത്രക്കാരനോടൊപ്പം സഹായിയും ഒപ്പം ഉണ്ടാവും.
അതേസമയം, കേരളത്തിന്റെ അഭിമാന ഗതാഗത മാര്‍ഗമായ കൊച്ചി മെട്രോ നിര്‍മാണം ആരംഭിച്ചിട്ട് ഇന്നേക്ക് നാല് വര്‍ഷം പൂര്‍ത്തിയായി. 2013 ജൂണ്‍ ഏഴിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. നിര്‍മാണോദ്ഘാടന വേദിയില്‍ കൃത്യം മൂന്ന് വര്‍ഷം കൊണ്ട് കൊച്ചി മെട്രോ ഓടിത്തുടങ്ങുമെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഉദ്ഘാടനം നടത്തുന്ന മെട്രോയെന്ന ഖ്യാതിയും കൊച്ചി മെട്രോക്ക് ഈ മാസം 17 ഓടെ സ്വന്തമാകും.