അബര്‍ദീന്‍ യൂനിവേഴ്‌സിറ്റി ഓഫ് കാംപസില്‍ സെപ്തംബറില്‍ പഠനം ആരംഭിക്കും

Posted on: June 5, 2017 8:02 pm | Last updated: June 5, 2017 at 8:23 pm

ദോഹ: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബെര്‍ദീന്‍ യൂനിവേഴ്‌സിറ്റിയുടെ ഖത്വറിലെ ഓഫ് കാംപസില്‍ സെപ്തംബര്‍ ബിരുദ പഠനം ആരംഭിക്കും. യു കെക്കു പുറത്ത് യൂനിവേഴ്‌സിറ്റിയുടെ ഏക ഓഫ് കാംപസാണ് ഖത്വറിലേത്. സെപ്തംബര്‍ പത്തു മുതല്‍ ക്ലാസ് തുടങ്ങുമെന്ന് യൂനിവേഴ്‌സിറ്റി അധികൃതരെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

യു കെയില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന അതേ സമയത്താണ് ഖത്വറിലും ആരംഭിക്കുന്നത്. അക്കൗണ്ടന്‍സി ആന്‍ഡ് ഫിനാന്‍സ്, ബിസിനസ് മാനേജ്‌മെന്റ് എന്നീ രണ്ടു ബിരുദ കോഴ്‌സുകള്‍ക്കാണ് ഈ വര്‍ഷം തുടക്കം കുറിക്കുന്നതെന്ന് യൂനിവേഴ്‌സിറ്റി കാംപസിനു നേതൃത്വം നല്‍കുന്ന അല്‍ ഫാലിഹ് ഗ്രൂപ്പ് ഓഫ് എജുക്കേഷന്‍ സര്‍വീസസ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയര്‍പേഴ്‌സന്‍ ശൈഖ ഡോ. ഐശ ബിന്‍ത് ഫാലിഹ് ബിന്‍ നാസര്‍ അല്‍ താനി പറഞ്ഞു.

മഅ്മൂറയിലാണ് കോളജ് കാംപസ് സജ്ജമാക്കിയിരിക്കുന്നത്. അബര്‍ദീന്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഇയാന്‍ ഡയമണ്ടും ശൈഖ ഐശയും ചേര്‍ന്ന് അടുത്തിടെ കാംപസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കകം കോളജ് സ്ഥിരം കെട്ടിടത്തിലേക്കു മാറും. ഈ വര്‍ഷം 300 വിദ്യാര്‍ഥികളുമായാണ് കോളജ് ആരംഭിക്കുന്നതെന്നും നിലവിലുള്ള സൗകര്യം 1500 വിദ്യാര്‍ഥികളെ ഉള്‍കൊള്ളാവുന്നതാണെങ്കിലും തുടക്ക വര്‍ഷത്തില്‍ കുട്ടികളെ പരിമിതപ്പെടുത്തുകയായിരുന്നു. രാജ്യത്ത് മറ്റൊരു സ്വകാര്യ യൂനിവേഴ്‌സിറ്റിയും നല്‍കാത്ത ബിരുദ കോഴ്‌സുകളാണ് നല്‍കുന്നതെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

സ്‌കൂള്‍ തലത്തില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യം വെച്ച് ദോഹ അക്കാദമിയുമായി 15 വര്‍ഷം മുമ്പാണ് അല്‍ ഫാലിഹ് ഗ്രൂപ്പ് ഓഫ് എജുക്കേഷന്‍ സര്‍വീസസ് പ്രവര്‍ത്തനമാരംഭിച്ചത്. സ്‌കൂള്‍ പഠനശേഷമുള്ള ഉപരിപഠനത്തിന് പരിമിതമായ അവരങ്ങള്‍ മാത്രമേ രാജ്യത്ത് ലഭ്യമുള്ളൂ എന്നു തിരിച്ചറിഞ്ഞാണ് ബിരുദതല കോഴ്‌സുകള്‍ തുടങ്ങുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്നു നടത്തിയ ഫീല്‍ഡ് സ്റ്റഡിയില്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ട കോഴ്‌സുകളാണ് തിരഞ്ഞെടുത്തത്. ആദ്യ ബാച്ചില്‍ ആരംഭിക്കുന്ന കോഴ്‌സുകള്‍ക്ക് രാജ്യത്ത് ആവശ്യക്കാരേറെയുണ്ടെന്ന് തങ്ങള്‍ക്കു ലഭിച്ച പ്രതികരണങ്ങള്‍ തെളിയിക്കുന്നതായും അവര്‍ പറഞ്ഞു.