യുവാവിന്റെ ധീരതയില്‍ പിതാവിനും മക്കള്‍ക്കും പുതുജീവന്‍

Posted on: June 5, 2017 1:31 pm | Last updated: June 5, 2017 at 1:31 pm

കൊയിലാണ്ടി: താമരശ്ശേരി സ്വദേശിക്കും രണ്ട് മക്കള്‍ക്കുമിത് പുതു ജീവിതത്തിന്റെ ആഹ്ലാദം. കക്കാടം പൊയിലില്‍ വെളളത്തില്‍ മുങ്ങിയ കുടുബത്തിന് രക്ഷകനായത് യുവാവിന്റെ അസാമാന്യ ധീരത. ഉള്ള്യേരി തുളസിയില്‍ സുബിന്‍ സുരേഷാണ് കഴിഞ്ഞ ദിവസം വെളളത്തില്‍ മുങ്ങിയ കുടുബത്തിന് രക്ഷകനായത്.
താമരശ്ശേരി സ്വദേശിയും രണ്ട് മക്കളുമാണ് അത്യാഹിതത്തില്‍ പെട്ടത്. കക്കാടംപൊയിലില്‍ സന്ദര്‍ശനത്തിനെത്തിയതായിരു കുടുബം. മൂത്ത മകന്‍ കാല്‍ വഴുതി വീണ് ഒഴുക്കില്‍ പെട്ടപ്പോള്‍ രക്ഷിക്കാനിറങ്ങിയ പിതാവും അപകടത്തില്‍ പെട്ടു. ഇതു കണ്ട് ഇളയ മകനും വെളളത്തിലേക്കിറങ്ങി. ശക്തമായ ഒഴുക്കും വഴുതലും കാരണം മൂവരും വെളളത്തില്‍ മുങ്ങി. ബഹളം കേട്ട് എത്തിയ സുബില്‍ സുരേഷ് വെളളത്തിലേക്ക് എടുത്തി ചാടി കൂട്ടുകാരുടെ സഹായത്തോടെ മൂവരേയും കരക്കെത്തിക്കുകായായിരുന്നു.
ചേളൂര്‍ എസ് എന്‍ കോളജില്‍ രണ്ടാം വര്‍ഷ പി ജി വിദ്യാര്‍ഥിയാണ് സുബിന്‍. കെ എസ് യു ജില്ലാ സെക്രട്ടറിയുമാണ്. കോഴിക്കോട് യുനൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സിലെ ഡവലപ്‌മെന്റ് ഓഫീസര്‍ കെ കെ സുരേഷിന്റേയും പന്തലായനി യു പി സ്‌കൂള്‍ അധ്യാപിക എ സുമയടേയും മകനാണ്.