കൈയേറ്റം വ്യാപകം; പുഴകളുടെ സംരക്ഷണത്തിന് നടപടിയില്ല

Posted on: June 5, 2017 12:12 pm | Last updated: June 5, 2017 at 12:12 pm

കോഴിക്കോട്: ജില്ലയില്‍ പുഴ കൈയേറ്റം വ്യാപകമാകുമ്പോഴും നടപടി പേരിന് പോലുമില്ല. ജില്ലയില്‍ ആകെ ആറ് നദികളാണുള്ളത്. ഇവയിലെല്ലാം വന്‍ തോതിലാണ് കൈയേറ്റം നടക്കുന്നത്. എല്ലാം അറിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ജനങ്ങളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പരാതി. പുഴകള്‍ കൈയേറ്റം ചെയ്യപ്പെടുകയും മലിനമാക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താനായി വിവിധ പരിസ്ഥിതി സംഘടനകളും നദി സംരക്ഷണ സംഘടനകളും മാത്രമാണ് രംഗത്തുള്ളത്. എന്നാല്‍ അവരുടെ ശബ്ദം ഒറ്റപ്പെടുകയാണ്.
മാഹി, കല്ലായി, ഇരുവഴിഞ്ഞി, ചാലിയാര്‍, കുറ്റിയൂടി, കടലുണ്ടി തുടങ്ങിയ നദികളിലെല്ലാം കൈയേറ്റം വ്യാപകമാണ്. മലിനീകരണവും മണല്‍വാരലും ഭൂരിഭാഗം നദികള്‍ക്കും ഭീഷണിയായിരിക്കുന്നു. അടിത്തട്ട് താഴുന്നത് കാരണം നദികളില്‍ ഉപ്പ് വെള്ളം കയറുന്ന പ്രതിഭാസവുമുണ്ട്. മാഹി പുഴയുടെ അഞ്ച് കിലോ മീറ്ററോളം ഉപ്പ് വെള്ളം കയറിയിരിക്കുകയാണ്. കല്ലായി പുഴയില്‍ ഉപ്പ് വെള്ളം മാത്രമെയുള്ളു.പുഴകള്‍ മരിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു തരത്തില്‍ കൈയേറ്റങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയും മറ്റൊരു വശത്ത റിവര്‍ മാനേജ്‌മെന്റ് ഫണ്ട് കാര്യക്ഷമമായി ഉപയോഗിക്കാതിരിക്കുകയുമാണ് .

പുഴ സംരക്ഷണത്തിന്റെ പേരില്‍ നടത്തുന്നതാകട്ടെ അശാസ്ത്രീയമായ നടപടികളുമാണ്. കക്കോടി പഞ്ചായത്തില്‍ പൂനൂര്‍ പുഴയില്‍ നാല് ഏക്കര്‍ വരെ പുഴ കൈയേറ്റം നടന്നുവെന്ന് വ്യക്തമായിട്ടും നടപടിയും ഉണ്ടായില്ല. കുറ്റിയാടി പുഴയിലും കൈയേറ്റം വ്യാപകമാണ്, ഇരവഴിഞ്ഞിപ്പുഴയിലും കൈയേറ്റം ശക്തമാണ്. മാമ്പുഴ, പൂനൂര്‍ പുഴ എന്നിവിടങ്ങളില്‍ പുഴയും തീരവും വ്യാപകമായി സ്വകാര്യ വ്യക്തികള്‍ കൈയേറിയിട്ടുണ്ട്. കല്ലായിപ്പുഴയോരത്ത് ഭൂരിഭാഗവും മണ്ണിട്ട് നികത്തി ഏക്കറോളം ഭൂമിയാണ് കൈയേറിയത്.
നഗരത്തിന്റെ മാലിന്യങ്ങള്‍ തള്ളുന്ന കേന്ദ്രം കൂടിയായി കല്ലായിപുഴ മാറിയിട്ടുണ്ട്. പുഴകള്‍ വ്യാപകമായി കൈയേറ്റം ചെയ്യപ്പെടുന്നത് തടയാന്‍ ജില്ലാ തലങ്ങളില്‍ പത്തംഗ കമ്മിറ്റി രൂപവത്കരിച്ച് നടപടി സ്വീകരിക്കണമെന്ന ലാന്‍ഡ് റവന്യു കമ്മീഷണറുടെ ഉത്തരവ് ജില്ലയില്‍ നടപ്പായില്ല. പുഴകളും പുറമ്പോക്കുകളും കൈയേറ്റം ചെയ്യുന്നത് തടയാനാണ് കഴിഞ്ഞ ജൂലായിയില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഇത്തരത്തിലുള്ള കമ്മിറ്റി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ കലക്ടര്‍മാര്‍ക്കും ഉത്തരവ് നല്‍കിയത്. എന്നാല്‍ ജില്ലയില്‍ ഇത്തരത്തിലുള്ള കമ്മിറ്റി വന്നിട്ടില്ല. സര്‍വെ, റവന്യു, പഞ്ചായത്ത്,തുടങ്ങിയ പത്ത് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപവത്കരിക്കേണ്ടത്.

പുഴ, പുറമ്പോക്ക് ഭൂമികളുടെ കൈയേറ്റം അളന്ന് തിട്ടപ്പെടുത്തി അവ തിരിച്ച് പിടിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനാണ് കമ്മിറ്റി. നദികള്‍ വരളുന്നതും നശിക്കുന്നതും സംബന്ധിച്ച് സെമിനാറുകളും ചര്‍ച്ചകളും കൊണ്ടു പിടിച്ച് നടക്കുമ്പോഴാണ് കൈയേറ്റം കണ്ടെത്തുന്നതിനായുള്ള നടപടി കടലാസില്‍ ഒതുങ്ങുന്നത്. പുഴകളുടെ സംരക്ഷണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കൂട്ടായ്മ രൂപവത്കരിക്കണമെന്ന് നദീ സംരക്ഷണ സമിതി സംസ്ഥാന ജന സെക്രട്ടറി ടി വി രാജന്‍ പറഞ്ഞു. പുഴകളുടെ കൈയേറ്റം സംബന്ധിച്ച് ജില്ലയില്‍ നേരത്തെ രണ്ട് സര്‍വെകള്‍ നടത്തിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് തുടര്‍ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.